ദില്ലി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ എന്ന് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛനും, നിമിഷ ഫാത്തിമയുടെ അമ്മയും സമര്‍പ്പിച്ച അപേക്ഷകളും കോടതിക്ക് മുന്നിലെത്തും.
ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ, വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമാണോ തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലായിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാംങ്മൂലം. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ഐ.എ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒന്നും കേസില്‍ കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മതം മാറിയത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് ഹാദിയ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊക്കെ കോടതി പരിശോധിച്ചേക്കും.
കേസിലെ എന്‍.ഐ.എ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ പ്രത്യേക അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ മതപരിവര്‍ത്തനങ്ങളെ കുറിച്ച് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും കോടതിയെ സമീപിച്ചിട്ടുണ്ട്. ലത്തൂര്‍ സ്വദേശി സുമിത്ര ആര്യയും ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും കേസില്‍ കക്ഷിചേരാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്നാണ് ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടുന്നത്. അതിനായി കോടതി എന്തെങ്കിലും തീരുമാനം ഇന്ന് എടുക്കുമോ എന്നതും നിര്‍ണായകമാണ്.
