ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ എം.ബി.ബി.എസ് പ്രവേശനം ശരിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ അസ്ഹര്‍ കോളേജ് നല്‍കിയ റിട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇതോടൊപ്പം പ്രവേശനം റദ്ദാക്കപ്പെട്ട വയനാട് ഡി.എം മെഡിക്കല്‍ കോളേജ്, അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ കോളേജുകള്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചേക്കും.
അടിസ്ഥാന സൗകര്യമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയ കോളേജുകളാണ് ഇവ മൂന്നും. കൗണ്‍സിലിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഈ മൂന്നു കോളേജുകള്‍ക്കും തല്‍ക്കാലത്തേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. അതിനെതിരെ എം.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് ഈ മൂന്ന് കോളേജുകള്‍ നടത്തിയ പ്രവേശനം കോടതി റദ്ദാക്കിയത്.
ഈ കോളേജുകളിലായി പ്രവേശനം നേടിയ 400 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ കോടതി തീരുമാനം നിര്‍ണായകമാണ്. കോളേജുകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയാല്‍ 400 കുട്ടികളുടേയും എം.ബി.ബി.എസ് പഠനം മുടങ്ങും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണി കേസ് പരിഗണിക്കുന്നത്.
