ഇന്ന് വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നിര്‍ണ്ണായക നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാവിലെ 10.30ന് സുപ്രീം കോടതി കേസ് പരിഗണിക്കും.

ദില്ലി: കര്‍ണാടക നിയമസഭയിലെ പ്രോടേം സ്‌പീക്കറുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് രാവിലെ പരിഗണിക്കും. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിക്കുന്നത്. ബി.ജെ.പി നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമായ ബൊപ്പയ്യയെ പ്രോടേം സ്‌പീക്കറായി നിയമിച്ചത് വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. കോണ്‍ഗ്രസിനൊപ്പം ജെ.ഡി.എസും കോടതിയെ സമീപിച്ചിരുന്നു.

ഇന്ന് വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നിര്‍ണ്ണായക നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാവിലെ 10.30ന് സുപ്രീം കോടതി കേസ് പരിഗണിക്കും. കോടതിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് മനു അഭിഷേക് സിങ്‍വിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അഭിഭാഷക സംഘം സിങ്‍വിയുടെ വസതിയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. രാവിലെ 11 മണിക്ക് കര്‍ണ്ണാടക വിധാന്‍ സഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ആരംഭിക്കും. വൈകുന്നേരം നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

ഇന്നലെ ഹര്‍ജി പരിഗണിക്കവെ മുതിര്‍ന്ന അംഗം പ്രോടേം സ്‌പീക്കറാകണമെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ വിധിയില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് യെദ്യൂരപ്പയുടെ വിശ്വസ്തനുമായ ബൊപ്പയ്യയെ ബി.ജെ.പി പ്രോടേം സ്‌പീക്കറായി നിയമിച്ചത്. എംഎല്‍എമാരെ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രോടേം സ്‌പീക്കറുടെ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാണ്. നേരത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയ കാര്യത്തില്‍ കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നയാളാണ് ബൊപ്പയ്യ.