കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളുടെ ചട്ടലംഘനം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

First Published 5, Apr 2018, 7:09 AM IST
supreme court to hear plea filed by MCI
Highlights

കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി, ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.

ദില്ലി: കരുണ, കണ്ണൂര്‍ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി, ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി, നിയമലംഘനം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്ന് സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം എം.സി.ഐയുടെ ഹര്‍ജിയിന്മേല്‍ കോടതി ഉത്തരവിറക്കിയേക്കും.

ഇതിനിടെ രണ്ട് കോളേജുകളിലെയും പ്രവേശനം സാധൂകരിച്ച് ഇന്നലെ സംസ്ഥാന നിയമസഭ ബില്‍ പാസ്സാക്കിയിരുന്നു. ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായാണ് സഭയില്‍ കൈകോര്‍ത്തത്. രണ്ട് കോളേജുകളിലും ചട്ടം ലംഘിച്ച് നടത്തിയ 135 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. 

loader