കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് ക്ഷോഭിച്ച് സുപ്രീംകോടതി. അടിക്കടി കേസുമായി വന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. എല്ലാ ദിവസവും കേസ് പരാമര്‍ശിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കർണനെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടന ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകി.
കോടതിയലക്ഷ്യക്കേസിലെ ആറുമാസം തടവുശിക്ഷാ ഉത്തരവ് പിൻവലിക്കണം, മാപ്പപേക്ഷ സ്വീകരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ് ഒഴിവാക്കാൻ കേസ് വേഗത്തിൽ പരിഗണിക്കണമെന്നും കര്‍ണൻ ആവശ്യപ്പെട്ടു. കേസ് എപ്പോൾ പരിഗണിക്കണമെന്ന് കോടതിക്ക് അറിയാമെന്നും അടിക്കടി കേസുമായി വരണ്ടതില്ലെന്നും ക്ഷോഭിച്ച സുപ്രീംകോടതി കര്‍ണന്റെ അഭിഭാഷകൻ മാത്യു നെടുമ്പാറയെ താക്കീത് ചെയ്തു. എല്ലാ ദിവസവും കേസ് പരാമര്‍ശിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയ സുപ്രീംകോടതി അപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന ജസ്റ്റിസ് കര്‍ണന്റെ ആവശ്യം വീണ്ടും തള്ളി. കുറ്റപത്രം പോലും നൽകാതെയാണ് ശിക്ഷ വിധിച്ചതെന്നും ഇംപീച്ച് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും കര്‍ണന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പ്രസ്താവന കോടതി മുറിക്കുള്ളിൽ നടത്തേണ്ട, മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയാൽ മതിയെന്നും കോടതി വ്യക്തമാക്കി. അപേക്ഷ ഫയൽ ചെയ്താൽ പരിഗണിക്കാമെന്നും കോടതി സമ്മതം അറിയിച്ചു. കേസിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാ ഹൈക്കമ്മീഷണർക്ക് സന്നദ്ധ സംഘടനായ ഹ്യുമന്‍ റൈറ്റ്സ് സെക്യൂരിറ്റി കൗൺസിൽ പരാതി നൽകി. കർണനെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് പരാതി. കര്‍ണനെതിരെ ശിക്ഷവിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അടക്കമുള്ള ഏഴ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
