തമിഴ്നാട്ടിനൊപ്പം ദേശീയരാഷ്‌ട്രീയത്തിലും ഏറെ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന വിധിക്കാണ് സുപ്രീം കോടതി തയ്യാറെടുക്കുന്നത്. വിധി എപ്പോഴെന്ന് കോടതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നാളെയോ മറ്റന്നാളോ എന്ന സൂചനകളാണ് പുറത്ത് വരുന്നത്. ജസ്റ്റിസുമാരായ പിനാകി ചന്ദ ഘോഷ്, അമിതവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കഴിഞ്ഞ ജൂണില്‍ കേസ് വിധി പറയാന്‍ മാറ്റി വച്ചത്. ജസ്റ്റിസ് അമിതവ റോയി ഇന്ന് സുപ്രീം കോടതി നടപടികളിലുണ്ടായിരുന്നില്ല. വിധിക്ക് അന്തിമരൂപം നല്കാനാണ് ഈ അസാന്നിധ്യം എന്ന അഭ്യൂഹം ശക്തമായിരുന്നു. 

സ്വത്തുസമ്പാദന കേസില്‍ ശിക്ഷ വിധിച്ച വിചാരണ കോടതി നടപടി റദ്ദാക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാല്‍ ശശികലയ്‌ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അതു ശക്തി പകരും. എന്നാല്‍ വിചാരണ കോടതിയുടെ തീരുമാനമാണ് സുപ്രീം കോടതിയുടേതെങ്കില്‍ ശശികലയുടെ രാഷ്‌ട്രീയ ഭാവി ഏതാണ്ട് ഇല്ലാതാകും. കേസില്‍ എന്ന് വിധി വരും എന്ന കാര്യം സുപ്രീം കോടതി രജിസ്ട്രാറോട് ഗവര്‍ണര്‍ക്ക് അന്വേഷിക്കാവുന്നതാണെന്ന് എസ്.ആര്‍ ബൊമ്മൈ കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പി.ബി സാവന്ത് വ്യക്തമാക്കി. ശശികലയെ മുഖ്യമന്ത്രിയാക്കിയ ശേഷം ബലപരീക്ഷണം നടത്തണമെന്ന് മുന്‍ ബി.ജെ.പി നേതാവും ആര്‍.ജെ.ഡി എംപിയുമായ റാം ജെത്മലാനി ആവശ്യപ്പെട്ടു. എന്തായാലും രണ്ടു ദിവസം കൂടി കാത്തിരുന്ന ശേഷം ഗവര്‍ണ്ണര്‍ തീരുമാനം എടുക്കാനാണ് സാധ്യത.