ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും നാലു പേരാണ് മരണമടഞ്ഞത്.
കോഴിക്കോട്: വടകര-മാഹി കനാല് മരണക്കെണിയായി മാറുന്നുവോ എന്ന ആശങ്ക ഉയരുന്നു. കോട്ടപ്പള്ളി, കന്നിനട ഭാഗങ്ങളില് കനാല് ദുര്മരണങ്ങളുടെ കേന്ദ്രമാവുകയാണ്. ഒരു വര്ഷം പിന്നിട്ടപ്പോഴേക്കും നാലു പേരാണ് മരണമടഞ്ഞത്. സുന്ദരമായ കാഴ്ചയാണ് കനാല് നല്കുന്നതെങ്കിലും അപകടം ഒളിച്ചിരിക്കുന്നുവെന്ന ഭീതിയും ഉയരുകയാണ്.
ഉള്നാടന് ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വടകര-മാഹി കനാലിന്റെ ഘടന അപകടത്തിന് ആക്കം കൂട്ടുന്നതായാണ് നാട്ടുകാരുടെ പരാതി. വീതിയും ആഴവും വര്ധിച്ചതോടെ അപകടം പതിയിരിക്കുന്ന കനാലായി ഇത് മാറി. അബദ്ധത്തില് കനാലില് വീണാല് ആരും കണ്ടില്ലെങ്കില് മരണസാധ്യത ഏറെയാണ്. നീന്തല് അറിയുന്നവര് പോലും ദുരന്തത്തിന് ഇരയായേക്കും. തോട് പോലെയായിരുന്ന കനാലിന്റെ രൂപമാറ്റം നാട്ടുകാരില് ഭയം ജനിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില് കോട്ടപ്പള്ളിയിലും കന്നിനടയിലും രണ്ടു പേരുടെ ജീവന് കനാലെടുത്തു. മധ്യവയസ്കരായ ഇവരില് ഒരാള് സമീപവാസിയും മറ്റൊരാള് ലോകനാര്കാവ് സ്വദേശിയുമാണ്. അബദ്ധത്തില് കനാലില് വീണതാവാമെന്നാണ് അനുമാനം. വാഹനങ്ങള് കനാലില് അകപ്പെടുന്ന സ്ഥിതിയുമുണ്ട്.
മൂരാട് പുഴക്കും മാഹി പുഴക്കും ഇടയിലെ 17 കിലോമീറ്റര് ദൂരത്തിലാണ് വടകര-മാഹി കനാലിന്റെ കിടപ്പ്. ഇതിന്റെ അനുബന്ധമായി മാഹി-വളപട്ടണം, വളപട്ടണം-നീലേശ്വരം, നീലേശ്വരം-ബേക്കല് എന്നീ ഭാഗങ്ങളും ഉള്നാടന് ജലാശയത്തിന്റെ ഭാഗമായുണ്ട്. തെക്ക് തിരുവനന്തപുരം വരെ നീളുന്നതാണ് ഉള്നാടന് ജലപാത. ഇതില്പ്പെട്ട വടകര-മാഹി കനാല് മുമ്പ് വീതി കുറഞ്ഞതായിരുന്നെങ്കില് ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീതി കൂട്ടാന് സര്ക്കാര് തീരുമാനിച്ചത്.
ഇതോടെ കനാലിന്റെ രൂപമാകെ മാറി. ഇതിലൂടെ ഉള്നാടന് ജലഗതാഗതമാണ് ഉദ്ദേശിക്കുന്നത്. ഇതിന് വേണ്ടി കോടികള് മുടക്കിയുള്ള പ്രവൃത്തിക്കാണ് തുടക്കമിട്ടത്. കനാലില് നിന്നെടുത്ത മണ്ണ് അരികില് കൂട്ടിയിട്ടത് നാട്ടുകാര്ക്ക് തലവേദന സൃഷ്ടിച്ചതിന് പുറമേയാണ് മരണം മാടി വിളിക്കുന്ന ജലാശയമെന്ന പേര് ദോഷം വീണിരിക്കുന്നത്. ആഴമേറിയ കനാലിന്റെ ഇരുഭാഗത്തും സുരക്ഷാ സംവിധാനമില്ലാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നതായാണ് നാട്ടുകാരുടെ പരാതി. കരാര് സംബന്ധിച്ച തര്ക്കം കാരണം കനാല് ജോലി സ്തംഭിച്ച മട്ടാണ്.
റോഡുകളിലെ ഗതാഗതകുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കാന് അധികൃതര് തയാറാകുന്നത്. ഇതിന്റെ ഭാഗമായുള്ള മാഹി കനാലിനെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര് കാണുന്നത്. എന്നാല് നിര്മാണം ഒച്ചിഴഞ്ഞ് നീങ്ങുന്നതും മറ്റും ജനങ്ങളില് ഭീതി ജനിപ്പിക്കുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. പണി എത്രയും വേഗം പൂര്ത്തിയാക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ അഭ്യര്ത്ഥന. കനാല് യാഥാര്ഥ്യമാകുന്നതോടൊപ്പം സുരക്ഷാനടപടികളും വേണ്ടതുണ്ട്. ഇക്കാര്യത്തില് മുന്നറിയിപ്പ് ബോര്ഡുകള് സ്ഥാപിക്കണ്ടതുണ്ട്.
