Asianet News MalayalamAsianet News Malayalam

ബിജെപിക്ക് വോട്ട് ചോദിച്ച്, റഫാലിനെ പിന്തുണച്ച വിവാഹ ക്ഷണക്കത്തിന് പ്രതികരണവുമായി മോദി

റഫേല്‍ ഇടപാടിനെ ന്യായീകരിച്ചും ബിജെപിക്ക് വോട്ടും ചോദിച്ചും വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയ ദമ്പതികള്‍ക്ക് പ്രശംസയറിയിച്ച് മോദിയുടെ സന്ദേശം.  

Surat couple makes Rafale themed wedding card earns PMs praise
Author
Delhi, First Published Jan 22, 2019, 6:03 PM IST

ദില്ലി: റഫേല്‍ ഇടപാടിനെ ന്യായീകരിച്ചും ബിജെപിക്ക് വോട്ടും ചോദിച്ചും വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയ ദമ്പതികള്‍ക്ക് പ്രശംസയറിയിച്ച് മോദിയുടെ സന്ദേശം. ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ യുവരാജ്- സാക്ഷി എന്നിവരുടെ വിവാഹക്ഷണക്കത്താണ്മോദിക്ക് വോട്ട് ചോദിച്ചും റഫേലിടപാടിനെ പിന്തുണച്ചും തയ്യാറാക്കിയത്. അതിഥികളോട് വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടായിരുന്നു ക്ഷണക്കത്ത്. 

യുവരാജിന്‍റെ മാതാവ് ബിബിത പ്രകാശിനെ അഭിസംബോധന ചെയ്താണ് ഇപ്പോള്‍ മോദിയുടെ പ്രശംസാ കുറിപ്പ് എത്തിയിരിക്കുന്നത്. സമര്‍ത്ഥമായി തയ്യാറാക്കിയ ക്ഷണക്കത്ത് എന്നാണ് മോദി കുറിപ്പില്‍ പറയുന്നത്. വിശിഷ്ടമായ കത്തിന്‍റെ രൂപം ശ്രദ്ധിച്ചു. രാജ്യത്തിന് വേണ്ടി ഇനിയും ജോലി ചെയ്യാന്‍ എനിക്ക് ഇത് പ്രചോദനമാകുന്നു. നിങ്ങള്‍ക്ക് രാജ്യത്തോടുള്ള ആശങ്കയും സ്നേഹവുമാണ് ഇതിലൂടെ വെളിപ്പെടുന്നത്. നവദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു- മോദിയുടെ ആശംസാ കുറിപ്പില്‍ പറയുന്നു.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു വിവാഹ ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ നമോ ആപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് സംഭാവനകൾ നൽകാനും ക്ഷണക്കത്തിൽ ആവശ്യപ്പെടുന്നുണ്ട്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അവലോകനമാണ് ക്ഷണക്കത്തിന്റെ മറ്റൊരു പ്രത്യേകത. അവസാന പേജിലാണ് റഫാൽ ഇടപാട് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുള്ളത്. 

സമാധാനമായി ഇരിക്കൂ, നമോയെ വിശ്വസിക്കൂ എന്ന തലക്കെട്ടോടുകൂടിയാണ് റഫാൽ വിവരങ്ങൾ നൽകിയിരിക്കുന്നത്. തലക്കെട്ടിന്റെ ഇരുവശങ്ങളിലുമായി രണ്ട് റഫാൽ വിമാനങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.  ആയുധധാരിയായ ജെറ്റിന്റേയും സാധാരണ വിമാനത്തിന്റെയും വില തമ്മിൽ ഒരു വിഡ്ഡി പോലും താരതമ്യം ചെയ്യില്ല. റഫാൽ‌ ഇടപാടിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പിൻതുടരുന്ന തരത്തിലാണ് ക്ഷണക്കത്തിലും വിവരങ്ങൾ നൽകിയിട്ടുള്ളത്. റിലയന്‍സിനെ പങ്കാളിയാക്കാൻ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളും ക്ഷണക്കത്തിൽ വിശദീകരിക്കുന്നുണ്ട്.  

ഇത് രണ്ടാമത്തെ തവണയാണ് അതിഥികളോട് വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി സൂറത്തിൽ നിന്ന് വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യുന്നത്. നേരത്തെ ധവാൽ-ജയ എന്നീ ദമ്പതികളുടെ വിവാഹ ക്ഷണക്കത്തിലും ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതുകൂടാതെ മംഗളൂരുവിൽനിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതും മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണക്കത്താണ്. മംഗളൂരു സ്വദേശിയായ അരുൺ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. 

Follow Us:
Download App:
  • android
  • ios