ഈ അവസരത്തില്‍ രാഷ്ട്രീയം പറയാനില്ലെന്ന് വിശദമാക്കിയ എം പിയ്ക്ക് പൊട്ടിക്കരച്ചിലുകളുടെ അന്തരീക്ഷമായിരുന്നു പെരിയയില്‍ അഭിമുഖീകരിക്കേണ്ടി വന്നത്.

പെരിയ: മക്കളുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി നിന്ന മാതാപിതാക്കള്‍ക്ക് ആശ്വാസ വാക്കുകളുമായി സുരേഷ് ഗോപി എം പി കാസര്‍കോടെത്തി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റേയും വീടുകളില്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു. ഈ അവസരത്തില്‍ രാഷ്ട്രീയം പറയാനില്ലെന്ന് വിശദമാക്കിയ എം പിയ്ക്ക് പൊട്ടിക്കരച്ചിലുകളുടെ അന്തരീക്ഷമായിരുന്നു പെരിയയില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. 

മകന്റെ വേര്‍പാടില്‍ തകര്‍ന്ന കൃപേഷിന്റെ മാതാവിനെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി ഏറെ പാടു പെടേണ്ടി വന്നു. പരാതിയുമായി പൊട്ടിക്കരഞ്ഞ വീട്ടുകാരെ സുരേഷ് ഗോപി ആശ്വസിപ്പിച്ചു. ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി എസ് ശ്രീജിത്തില്‍ വിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. 

ശ്രീജിത്ത് അദ്ദേഹത്തിന്‍റെ ജോലി കൃത്യമായി ചെയ്യാന്‍ അറിയാകുന്ന ആളാണ്. എന്നാല്‍ ശ്രീജിത്തിനെ നിയോഗിച്ചവര്‍ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുമെന്നതില്‍ സംശയമുണ്ട്. കൊലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചാണ് സുരേഷ്ഗോപി മടങ്ങിയത്.