സംസ്ഥാന നേതാക്കളെപ്പോലും അന്പരിപ്പിച്ചാണ് മോദി-അമിത്ഷാ ടീമിന്റെ അപ്രതീക്ഷിത പരീക്ഷണം. കലാരംഗത്ത് നിന്നാണ് എംപിയെങ്കിലും കലാകാരനിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് രാഷ്ട്രീയനേട്ടം തന്നെയെന്ന് വ്യക്തം. എന്നാൽ കലയിൽ രാഷ്ട്രീയമില്ലെന്നായിരുന്നു ഇതിനോട് സുരേഷ് ഗോപിയുടെ പ്രതികരണം. നദീ സംരക്ഷണത്തിനാണ് പ്രഥമപരിഗണന നല്‍കുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നതെങ്കിലും പിന്നില്‍ ലക്ഷ്യം രാഷ്ട്രീയം തന്നെയെന്ന് കേന്ദ്ര മന്ത്രി രാജീവ്പ്രതാപ് റൂഡി സമ്മതിച്ചു.
ദില്ലിയില്‍ തീരുമാനമെടുത്ത് കഴിയുഞ്ഞ ശേഷം മാത്രം തിരുവനന്തപുരത്ത് വിവരമറിയുന്ന കാര്യങ്ങളുടെ പട്ടികയിലെ അവസാന ഉദാഹരണമാണ് സുരേഷ്ഗോപിയുടെ അംഗീകാരം. മോദിയും അമിത്ഷായും നേരിട്ടായിരുന്നു സുരേഷ്ഗോപിയുമായി ചർച്ച നടത്തിയത്. നേരത്തെ തുഷാർ വെള്ളാപ്പള്ളിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നീക്കമുണ്ടായെങ്കിലും സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ശക്തമായ എതിർപ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു.
രാജ്യസഭ വഴി സുരേഷ് ഗോപിയുടെ യാത്ര കേന്ദ്രമന്ത്രിസഭയിലേക്കാണെന്നും അടക്കംപറച്ചിലുണ്ട്. പൊതുസമ്മതരെ കൂടി ഒപ്പം നിർത്തിയാൽ മാത്രമേ സംസ്ഥാനത്ത് താമരവിരിയൂ എന്നാണ് മോദി-അമിത് ഷാ ടീമിന്റെ നിരീക്ഷണം. അത് കൊണ്ട് തന്നെയാണ് പദവികൾ കാത്തിരിക്കുന്ന പാര്‍ട്ടി നേതാക്കളെ വിട്ട് സിനിമാ താരത്തെ കൈപിടിച്ചുയർത്തുന്നത്.
