കലാകാരനെ എംപിയാക്കുന്നത് വഴി കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്ന രാഷ്ട്രീയ കലയാണ് മോദിയും അമിത്ഷായും പയറ്റുന്നത്. പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്ത് പട്ടികയില്‍ സുരേഷ്‌ ഗോപിയുടെ പേര് ഉള്‍പ്പെട്ട വിവരം കഴിഞ്ഞ രാത്രിയോടെയാണ് അറിയുന്നത്. കഴിഞ്ഞ ദിവസം അമിത്ഷാ സുരേഷ് ഗോപിയെ അടിയന്തിരമായി ദില്ലിക്ക് വിളിപ്പിച്ചിരുന്നു. കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാകുമെന്ന സൂചന അന്ന് തന്നെ സുരേഷ് ഗോപിക്ക് അമിത് ഷാ നല്‍കി. തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കണമെന്ന കേന്ദ്ര സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് താരം വഴങ്ങിയിരുന്നില്ല. താരപ്രചാരകനായി താമരക്ക് വോട്ട് തേടുന്നതിനിടെയാണ് പുതിയ അംഗീകാരം. മുമ്പ് എന്‍എഫ്ഡിസി അധ്യക്ഷനാക്കാന്‍ നീക്കമുണ്ടായെങ്കിലും തീരുമാനം വന്നില്ല. സുരേഷ് ഗോപിയെ രാജ്യസഭയിലേക്കെത്തിക്കുന്നത് വഴി കേരളത്തിനോട് പ്രധാനമന്ത്രിക്ക് വലിയ താല്പര്യമുണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ഈ നീക്കത്തിന് പിന്നിലും സംസ്ഥാനത്ത് താമര വിരിയിക്കുക എന്ന സുപ്രധാന ലക്ഷ്യം തന്നെ.

അതേസമയം സംസ്ഥാന നേതാക്കള്‍ക്ക് ഈ നീക്കത്തെക്കുറിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. പല മുതിര്‍ന്ന നേതാക്കളെയും മറികടന്നാണ് താരത്തിന് അംഗീകാരം കിട്ടുന്നത്. തലശ്ശേരി സ്വദേശി റിച്ചാര്‍ഡ് ഹേയെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി എന്ന നിലയില്‍ ലോക്‌സഭയിലേക്ക് നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചാല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന നാലാമത്തെ മലയാളിയാകും സുരേഷ് ഗോപി. ജി.ശങ്കരക്കുറുപ്പ്, അബു എബ്രഹാം, കെ എം പണിക്കര്‍ എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റു മൂന്നുപേര്‍.