സമരക്കാരെ പൊലീസ് തടഞ്ഞു  ഭൂമിയുടെ വില ആദ്യം നിശ്ചയിക്കണമെന്ന് ആക്ഷൻ കമ്മിറ്റി 

മലപ്പുറം: പ്രതിഷേധത്തിനിടെ ദേശീയപാതാവികസനത്തിനുള്ള സർവ്വേ നടപടികൾ കുറ്റിപ്പുറത്ത് പുരോഗമിക്കുന്നു. കനത്ത പ്രതിഷേധത്തിനിടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. സ്ഥലത്തെത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. സ്ഥലത്ത് നേരിയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. 

ഭൂമിയുടെ വില ആദ്യം നിശ്ചയിക്കണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. ഭൂമിക്ക് വില നിശ്ചയിച്ചതിന് ശേഷം മാത്രമേ സർവേ നടപടികൾ തുടങ്ങാവൂ എന്നാണ് ഭൂവുടമകളുടെ ആവശ്യം. എന്നാൽ സർവേ നടപടികൾക്ക് ശേഷം മാത്രമേ ഭൂമിയുടെ വില നിശ്ചയിക്കാൻ കഴിയുള്ളുവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. 

തർക്കം പരിഹരിക്കാൻ ഇന്നലെ കുറ്റിപ്പുറത്ത് വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥർ പൊലീസ് സഹായം തേടിയിട്ടുണ്ട്.