ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിലൂടെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് ഇന്ത്യയില്‍ ജനിച്ച കുഞ്ഞിന് പാസ്‌പോര്‍ട്ട് കിട്ടാത്തതിന്‍റെ പേരിൽ ബ്രിട്ടനെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ വിധി അനാഥാലായമാണോയെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
ബ്രിട്ടീഷുകാരായ ക്രിസിനും മിഷേല്‍ ന്യൂമേനും മൂന്ന് മാസം മുമ്പാണ് വാടക ഗര്‍ഭധാരണത്തിലൂടെ മുംബൈയിൽ പെണ്‍കുഞ്ഞ് ജനിച്ചത്. ജൂണ്‍ മൂന്നിന് അപേക്ഷിച്ചെങ്കിലും കുട്ടിയുടെ പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ശരിയായായില്ല. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ നിന്നും അനുകൂല നിലപാടുണ്ടായില്ല. മെഡിക്കല്‍ വിസയിലുള്ള മാതാപിതാക്കളുടെ വിസ കാലാവധി അടുത്തമാസം ഏഴിന് കഴിയും. ഈ സാഹചര്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ അനാഥാലയത്തിലേക്കാണ്ട അവസ്ഥയിലാണിപ്പോള്‍. ഇതാണ് സുഷമയെ ചൊടിപ്പിച്ചത്.
വാടകഗര്‍ഭധാരണം ബ്രിട്ടണില്‍ നിരോധിച്ചെങ്കിലും വാടകഗര്‍ഭത്തിലുടെ ജനിച്ച കുട്ടിക്ക് ബ്രിട്ടന്‍ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നായിരുന്നു സുഷമയുടെ ട്വീറ്റ്. കുട്ടിക്ക് യാത്ര രേഖകൾ കിട്ടാനായി അഭിഭാഷകർ സഹായിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു .
ഇന്ത്യയില്‍ കഴിഞ്ഞ മാസം മുതല്‍ വാടകഗര്‍ഭധാരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിയമമനുസരിച്ച് രക്ത ബന്ധത്തിലുള്ളവര്‍ക്കിടയില്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുമതിയുള്ളൂ. ബ്രിട്ടീഷ് ദമ്പതികളായ മിഷേലും ക്രിസും ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പ് വാടക ഗര്‍ഭധാരണത്തിലുടെ മാതാപിതാക്കളായവരാണ്.
