ദില്ലി: കാട്ടുപന്നിയുടെ മാംസം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മലയാളി കുടുംബത്തിന് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കൊട്ടാരക്കര സ്വദേശിയായ ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, മാതാവ്​ ഏലിക്കുട്ടി എന്നിവരാണ്​ ന്യൂസിലാന്‍റിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

മലയാളി കുടുംബത്തിന്‍റെ ചികിത്സയെ സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരുമായി കൊടിക്കുന്നില്‍ സുരേഷ് കൂടിക്കാഴ്ച നടത്തി. ഭക്ഷ്യവസ്തുവില്‍ എന്ത് വിഷാംശമാണ് അടങ്ങിയതെന്ന് സ്ഥിതീകരിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്‍ലി മലയാളി കുടുംബത്തിന്‍റെ വീട് സന്ദര്‍ശിച്ചു.

വീട്ടിൽ നിന്ന്​ രാത്രി ഭക്ഷണം കഴിച്ച കുടുംബത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ച്​ അരമണിക്കൂറിനകം ശക്തമായ ഛർദി അനുഭവപ്പെട്ട ബാബു എമർജൻസി സർവീസിൽ സഹായം തേടി. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതര ഭക്ഷ്യവിഷബാധയാണ്​ അപകട കാരണമെന്ന് സ്ഥിതീകരിച്ചിരുന്നു.