ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിർത്തി തർക്കം യുദ്ധത്തിലൂടെ തീർക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ചൈനീസ് അംബാസഡറെ കണ്ട് രാഹുൽ ഗാന്ധി അവരുടെ നിലപാട് അറിയാൻ ശ്രമിച്ചത് നിർഭാഗ്യകരമാണെന്നും സുഷമാസ്വരാജ് രാജ്യസഭയിലെ ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. യുദ്ധത്തിലൂടെയല്ലാതെ ചർച്ചയിലൂടെ പരിഹാരം ഉണ്ടാക്കുന്നതാണ് ബുദ്ധിപരം. യുദ്ധത്തിനു സജ്ജമാണോ എന്നു ചോദിച്ചാൽ ഇവിടെ സൈന്യമുണ്ട്. സൈന്യം യുദ്ധത്തിനു വേണ്ടിയാണ്. എന്നാൽ യുദ്ധത്തിലൂടെ പരിഹാരം ഉണ്ടാവില്ല. ഇതായിരുന്നു സുഷമയുടെ വാക്കുകള്‍.
ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ സർക്കാരിന്റെ ഉന്നതതലത്തിൽ നിന്ന് ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. രാജ്യസഭയിൽ വിദേശകാര്യനയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നല്കിയ സുഷമ സ്വരാജ് നയതന്ത്രത്തിലൂടെ വിഷയം പരിഹരിക്കുന്നതാണ് ബുദ്ധിപരമെന്ന് വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത്തരം തർക്കം സ്വാഭാവികമായും പരിഹരിക്കപ്പെടുമെന്നും സുഷമാസ്വരാജ് പറഞ്ഞു
ഇന്ത്യയുടെ നിലപാട് അറിഞ്ഞ ശേഷം ചൈനയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടിയിരുന്ന രാഹുൽ ഗാന്ധി അവരുടെ നിലപാട് ചോദിച്ച് ചൈനീസ് അംബാസഡറെ കണ്ടത് നിർഭാഗ്യകരമാണെന്ന് സുഷമ പറഞ്ഞത് അല്‍പ്പസമയം ബഹളത്തിനിടയാക്കി. പാകിസ്ഥാനുമായി നല്ല ബന്ധത്തിനു നരേന്ദ്ര മോദി ശ്രമിച്ചെന്നും ബുർഹൻ വാണിയുടെ കൊലപാതകത്തിനു ശേഷം പാകിസ്ഥാൻ നിലപാടു മാറ്റിയെന്നും സുഷമാസ്വരാജ് വ്യക്തമാക്കി. മോദിയുടെ വിദേശകാര്യനയം ശ്രീലങ്കയിലും നേപ്പാളിലും ചൈന പിടിമുറുക്കാൻ ഇടയാക്കിയെന്ന് കോൺഗ്രസും അമേരിക്കയുമായും ഇസ്രയേലുമായും ഇന്ത്യ സൈനിക സഹകരണം കൂട്ടുന്നത് സ്വതന്ത്ര നിലപാടിൽ നിന്നുള്ള വ്യതിയാനമാണെന്നും സിപിഎമ്മും ചർച്ചയിൽ കുറ്റപ്പെടുത്തി.
