പൂനെയിലുള്ള സ്വകാര്യ ഏജന്‍സി വഴിയാണ് ഉത്തര്‍ പ്രദേശുകാരായ പര്‍വേസ് അഹമ്മദ്, മുഹമ്മദ് അക്രം എന്നിവര്‍ നാല് മാസം മുമ്പ് ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തിയത്. പ്രതിഫലമായി വലിയൊരു തുക ഈടാക്കിയാണ് പൂനെയിലെ ഏജന്റ് ഇവരെ ദോഹയിലെത്തിച്ചത്. എന്നാല്‍ ദോഹയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സൗദി അതിര്‍ത്തിയില്‍ ഒട്ടക ഫാമില്‍ ജോലിക്കയച്ച തൊഴിലാളികള്‍ തൊഴിലുടമയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ വീഡിയോ സന്ദേശമായി സുഹൃത്തുക്കള്‍ക്ക് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടിവസ്‌ത്രം മാത്രം ധരിപ്പിച്ചു ചാട്ടവാര്‍ കൊണ്ട് തൊഴിലുടമ ഇവരെ മര്‍ദ്ദിച്ചതായാണ് പരാതി. 

ഖത്തറിലെ തങ്ങളുടെ സ്‌പോണ്‍സറുടെ പേര് സദാ സലാ അല്‍ മാറി എന്നാണെന്നും പുണെയിലെ ഏജന്റിന്റെ പേര് മുഹമ്മദ് ഷഫീക് ഖാന്‍ ആണെന്നും വീഡിയോ ദൃശ്യത്തില്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.തുടര്‍ന്ന് ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് തൊഴിലാളികളുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാനാവുമെന്നത് സംബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു വരികയാണെന്ന് ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അതേസമയം. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പു വരുത്താന്‍ ഖത്തര്‍ ഭരണകൂടം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തുന്നതിനിടയിലും ഇന്ത്യയിലെ ചില അനധികൃത ഏജന്‍റുമാര്‍ വഴിയുള്ള ഇത്തരം മനുഷ്യക്കടത്ത് തടയുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നു ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു.