കുവൈത്ത് സിറ്റി: ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ കഴിയുന്ന കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളുടെ വിഷയത്തില്‍, കേന്ദ്രമന്ത്രി സുഷമ സ്വരാജ് കുവൈറ്റ് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ഒരു വര്‍ഷത്തിലേറെയായി മൂവായിരത്തിലധികം വരുന്ന ഇന്ത്യന്‍ തൊഴിലാളികളാണ് ഇത്തരത്തില്‍ കഴിയുന്നത്.

ശമ്പളം പോലും ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയം കഴിഞ്ഞ സെപ്റ്റംബറില്‍ കുവൈത്തില്‍ നടന്ന മൂന്നാമത് മന്ത്രിതലയോഗത്തില്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി എം.ജെ.അക്ബര്‍ ഉപപ്രധാനമന്ത്രിയും ധനകാര്യ വകുപ്പ്മന്ത്രിയുമായ അനസ് അല്‍ സാലെയുമായുള്ള കുടിക്കാഴ്ചയില്‍ ഉന്നയിച്ചിരുന്നു. 

പ്രശ്നപരിഹരത്തിന് പൂര്‍ണ പിന്തുണയൂം കുവൈത്ത് അധികൃതര്‍ നല്‍കി.ഇതിന്‍റെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ എംബസി 3600-തൊഴിലാളികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ പട്ടികയും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍,അതിന് ശേഷം ഒരു മാസയിട്ടും നടപടി കാണാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമസ്വരാജ് ഈ മാസം ആദ്യം ഉപ പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പ് മന്ത്രിയുമായി സാബാ അല്‍ ഖാലിദ് അല്‍ സാബായ്ക്ക് കത്ത് അയച്ചത്.

പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നെങ്കില്ലും,വിഷയത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് സുഷമ സ്വരാജ് കത്തില്‍ ഓര്‍മിപ്പിക്കുന്നു. ആയിരങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ വ്യക്തിപരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജബെര്‍ അല്‍ സാബായുടെ ഉദാരമനസ്‌കത കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം ആവോളം അനുഭവിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് കത്തില്‍ അനുസ്മരിക്കുന്നുണ്ട്.