ദില്ലി: തുര്‍ക്കിയിലെ പട്ടാള അട്ടിമറിയുടെ സൂത്രധാരന്‍ ഫെത്തുള്ള ഗുലാന്റെ സംഘടന ഇന്ത്യയിലും സ്വാധീനമുറപ്പിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂട്ട് കാവുസോഗ്ലു. നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ ഇന്ത്യ തയാറാകണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മെവ്‌ലൂട്ട് ആവശ്യപ്പെട്ടു.
ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറിയുടെ ആസൂത്രകന്‍ ഫെത്തുള്ള ഗുലനെതിരെ ഇന്ത്യയും അണി നിരക്കണമെന്നാണ് വിദേശകാര്യമന്ത്രിതല ചര്‍ച്ചയില്‍ തുര്‍ക്കി ആവശ്യപ്പെട്ടത്. തീവ്രവാദ സംഘടനയുടെ വേരുകള്‍ ഫെത്തുള്ള ഗുലാന്‍ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് വിദേശകാര്യമന്ത്രി മെവ്‌ലൂട്ട് കാവുസോഗ്ലു ആരോപിക്കുന്നു. സ്‌കൂളുകളും അസോസിയേഷനുകളും വഴിയാണ് ഇന്ത്യയിലേക്കു ഗുലാന്‍ അനുകൂലികള്‍ കടന്നുകയറിയതെന്നും മെവ്‌ലൂട്ട് പറയുന്നു.
വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മെവ്‌ലൂട്ടിന്റെ ആരോപണം. ആഗോളതലത്തില്‍ തന്നെ രഹസ്യ ക്രിമിനല്‍ നെറ്റ്‌വര്‍ക്കുള്ള ഫെറ്റോയെ തടഞ്ഞില്ലെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഫെറ്റോയുമായി ബന്ധമുള്ള അസോസിയേഷനുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു.
തുര്‍ക്കിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ അസോസിയേഷനുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഫെത്തുള്ള ഗുലെനാണ് ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറിക്ക് പിന്നിലെന്ന് തുര്‍ക്കി ആവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യയുടെ പിന്തുണ തേടാനുള്ള നീക്കമെന്നതും ശ്രദ്ധേയം.
