ദില്ലി: ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങള്‍ വിച്ഛേദിച്ചത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമാണെന്നും ഇന്ത്യ പക്ഷം പിടിക്കില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഗര്‍ഫിലെ സംഭവവികാസങ്ങള്‍ വിദേശ ഇന്ത്യക്കാരെ ബാധിച്ചാല്‍ ഇടപെടുമെന്നും വിദേശാകാര്യമന്ത്രി വ്യക്തമാക്കി. വികസിതരാജ്യങ്ങളുടെ പണം പ്രതീക്ഷിച്ചല്ല ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മറുപടിയായി സുഷമ സ്വരാജ് പറഞ്ഞു.
 
ഇത് ഗള്‍ഫിലെ ആഭ്യന്തര വിഷയമാണ്. ഇതില്‍ ഇടപെടില്ല. മുമ്പും അവിടെ ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നു എന്നാരോപിച്ച് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പടെ ആറു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ കരുതലോടെ നിലപാടെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഏതെങ്കിലും പക്ഷത്ത് ഇന്ത്യ ഇപ്പോള്‍ ചേരുന്നത് ഉചിതമാവില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍

സൗദി അറേബ്യയുടെയും യുഎഈയുടെ നേതൃത്വവുമായി വളരെ അടുത്ത സൗഹൃദം നരേന്ദ്ര മോദിക്കുണ്ട്. എന്നാല്‍ ഖത്തറില്‍ നിന്നും ഇറാനില്‍ നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ ബന്ധം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഖത്തറിലും ഏറെ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഈ ചേരിചേരാനയത്തിന് കാരണം. എന്നാല്‍ ഇപ്പോഴത്തെ ഈ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ പ്രവാസിഇന്ത്യക്കാരെ സഹായിക്കാന്‍ അടിയന്തര ഇടപെടലിന് തയ്യാറെടുത്തിരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.