Asianet News MalayalamAsianet News Malayalam

ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വിശദ റിപ്പോര്‍ട്ട് തേടിയതായി സുഷമാ സ്വരാജ്

Sushma Swaraj seeks report from Indian envoy to Qatar on Indians on death row
Author
Doha, First Published Jan 7, 2017, 6:33 PM IST

ദോഹ: ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ വിഷയത്തിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കൊലക്കുറ്റത്തിനാണ് ഖത്തർ സുപ്രീംകോടതി തമിഴ്നാട് സ്വദേശികൾക്ക് വധശിക്ഷ വിധിച്ചത്. 2012 ൽ ഖത്തറിലെ സലാത്തയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്വദേശി വൃദ്ധയെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ ഖത്തർ പോലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധയുടെ വീടിനടുത്ത് ലേബർ കാമ്പിൽ താമസിക്കുകയായിരുന്ന പ്രതികൾ  മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയതായാണ്  അന്വേഷണത്തിൽ കണ്ടെത്തിയത്.

തുടർന്ന് കേസിലെ രണ്ടു പ്രതികൾക്ക് കീഴ് കോടതി വധ ശിക്ഷ വിധിക്കുകയായിരുന്നു. വിഷയത്തിൽ ഇന്ത്യൻ എംബസ്സി ഇടപെട്ടു സുപ്രീം കോടതിയിൽ  അപ്പീലിന് ശ്രമിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ  ജനുവരി ഒന്നിന് കീഴ് കോടതിഉത്തരവ് ശരിവച്ച സുപ്രിംകോടതി പ്രതികളായ സുബ്രമണ്യൻ അളഗപ്പ, ചെല്ലാ ദുരൈ പെരുമാൾ എന്നിവർക്ക് വധ ശിക്ഷയും  മൂന്നാം പ്രതി  ശിവകുമാർ അരസന് പതിനഞ്ചു വര്‍ഷം ജീവപര്യന്തവും വിധിച്ചു. പ്രതികൾ നിരപരാധികളാണെന്നും സംശയത്തിന്റെ ആനുകൂല്യം  നിലനിൽക്കുന്നതിനാൽ  കേന്ദ്രസർക്കാർ  വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും കാണിച്ച് തമിഴ്നാട് എം.എൽ.എ  എച്.വസന്തകുമാർ കേന്ദ്ര സർക്കാരിന് തുറന്ന കത്തെഴുതിയിരുന്നു.

കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ  ഡൽഹിയിലെയും മുംബൈയിലെയും ഖത്തർ ഇന്ത്യൻ കാര്യാലയത്തിന് മുമ്പിൽ ധർണ സംഘടപ്പിക്കുമെന്നു എച്.  വസന്തകുമാർ കേന്ദ്ര സർക്കാരിനയച്ച കത്തിൽ വ്യക്തമാക്കി. ഇതേ തുടർന്നാണ് വിഷയത്തിൽ  ഇന്ത്യൻ അംബാസിഡർ പി.കുമരനോട് അടിയന്തിരമായി  റിപ്പോർട് സമർപ്പിക്കാൻ വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടത്. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത കേസിനു ആവശ്യമായ മുഴുവൻ ചിലവുകളും തമിഴ് നാട് സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും സർക്കാർ ചിലവിൽ പ്രത്യേകം അഭിഭാഷകനെ ദോഹയിലേക്ക് അയക്കുകയും ചെയ്തിരുന്നു.

എന്നാൽ കേസിൽ ദൃക്സാക്ഷിയായ വീട്ടു വേലക്കാരിയുടെ മൊഴി  പ്രതികൾക്ക് എതിരായാതും കൊല്ലപ്പെട്ട വൃദ്ധയുടെ ബന്ധുക്കൾ പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തതാണു പ്രതികൾക്ക് വിനയായത്.

 

Follow Us:
Download App:
  • android
  • ios