തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4 മണിക്കാണ് വിമാനം പുറപ്പെട്ടത്.

ദില്ലി: വിദേശകാര്യ മന്ത്രി സുഷമസ്വരാജ് സഞ്ചരിച്ച വിമാനവുമായി 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ 'മേഘദൂത്' വിമാനവുമായുള്ള ബന്ധമാണ് മൗറീഷ്യസിന്‍റെ വ്യോമാതിർത്തിയില്‍ വെച്ച് നഷ്ടമായത്. 10 മിനിറ്റിലധികം വിമാനവുമായി ബന്ധപ്പെടാന്‍ കഴിയായതിനെ തുടര്‍ന്ന് മൗറീഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 

തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4 മണിക്കാണ് വിമാനം പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഏരിയയിലേക്ക് വിമാനം കടന്നു. ഇവിടെ നിന്ന് മൗറീഷ്യസിന്‍റെ വ്യോമ പരിധിയിലേക്ക് പ്രവേശിച്ച വിമാനം അവിടെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടില്ല. അന്താരാഷ്ട്ര ചട്ടങ്ങള്‍ അനുസരിച്ച് ഒരു വിമാനവുമായുള്ള ബന്ധം 30 മിനിറ്റ് നഷ്ടമാകുമ്പോഴാണ് അതിനെ കാണാതായെന്ന് കണക്കാക്കുന്നത്. ഇതിന് മുന്‍പ് ആദ്യം 10 മിനിറ്റ് കഴിയുമ്പോഴും പിന്നീട് 20 മിനിറ്റ് കഴിയുമ്പോഴും അപായ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കും. മുന്നറിയിപ്പുകള്‍ കിട്ടുന്നതോടെ വിമാനം സഞ്ചരിക്കുന്ന വഴിയിലുള്ള വിവിധ എയര്‍ട്രാഫിക് കണ്‍ട്രോളുകള്‍ ജാഗ്രത പുലര്‍ത്തുകയും വിമാനം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും.

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനവുമായുള്ള ബന്ധം 10 മിനിറ്റിലധികം നഷ്ടമായതോടെ 4.44ന് മൗറീഷ്യസ് അപായ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എയര്‍ട്രാഫിക് കണ്‍ട്രോളിനെയും വിവരമറിയിച്ചു. ഇവിടെ നിന്നും വിമാനത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ 4.58ന് വിമാനത്തിന്‍റെ പൈലറ്റ് മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. ഈ ഭാഗത്ത് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രയ്ക്കിടയില്‍ ആശയവിനിമയ സംവിധാനം പലപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കാറില്ലെന്ന് വിദഗ്ദര്‍ പറഞ്ഞു. ഇവിടം റഡാര്‍ പരിധികള്‍ക്ക് പുറത്താണ്. അതുകൊണ്ടുതന്നെ വെരി ഹൈ ഫ്രീക്വന്‍സി റേഡിയോ ബന്ധം മാത്രമാണ് വിമാനവുമായി ഉണ്ടാവുക. അത് തന്നെ നഷ്ടപ്പെടുന്ന പ്രദേശങ്ങളും ഇവിടെയുണ്ടെന്നാണ് പൈലറ്റുമാരും പറയുന്നത്.