ലാഹോര്‍: പാകിസ്ഥാനിലെ കസൂറില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൃതദേഹം മാലിന്യക്കുപ്പയില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെന്ന് കരുതന്നയാളെ അറസ്റ്റ് ചെയ്തു. ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പാക്കിസ്ഥാനില്‍ വന്‍ ജനരോഷത്തിനു കാരണമായിരുന്നു.

ഈ മാസം ആദ്യം സൈനബ് കൊല്ലപ്പെട്ട കസൂര്‍ പട്ടണത്തിനു സമീപം വെച്ചാണ് മുഹമ്മദ് ഇംറാന്‍ എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പ്രവിശ്യാ ഗവണ്‍മെന്റ് വക്താവ് മലിക് അഹമ്മദ് ഖാന്‍ അറിയിച്ചു. സൈനബിന്റെ അയല്‍ക്കാരനാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കഴിഞ്ഞ നാലിനാണ് പഞ്ചാബ് പ്രവശ്യയിലുള്ള കസൂറില്‍ നിന്ന് ഏഴുവയസ്സുകാരി സൈനബ് അന്‍സാരിയെ കാണാതായത്.

മാതാപിതാക്കള്‍ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയില്‍ പോയിരിക്കുകയായിരുന്നതിനാല്‍ കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. വീട്ടില്‍ നിന്ന് ട്യൂഷന്‍ ക്ലാസിന് പോയ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് കണ്ടെത്തിയത്. അന്വേഷണത്തൊടുവില്‍ ചൊവ്വാഴ്ച മാലിന്യ കൂമ്പാരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായാണ് മരണമെന്നും വ്യക്തമായി. 

ബാലിക അജ്ഞാതനോടൊപ്പം നടന്നുപോകുന്നിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഏറെ പ്രതിഷേധത്തിനിടയാക്കിയ കേസില്‍ പൊലീസ് ആയിരത്തോളം പേരുടെ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. സൈനബ് സംഭവത്തിനു ശേഷം എട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ മരണവുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് സൈനബിന്റെ അച്ഛന്‍ മുഹമ്മദ് അമീന്‍ ആവശ്യപ്പെട്ടു.രണ്ട് വര്‍ഷത്തിനിടെ സമാനരീതിയിലുള്ള 12 കൊലകളാണ് ഉണ്ടായത്.