പൂനൈ: ഒന്നര കോടി രൂപയുടെ സ്വർണ ഷർട്ട് ധരിച്ച് സ്വർണ മനുഷ്യനായി വാർത്തകളിൽ നിറഞ്ഞ ദത്താത്രേയ ഫൂഗെയെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കൾ. ഇവർക്ക് ഫുഗെ നൽകാനുള്ള ഒന്നര ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
പൂനൈയിൽ വെള്ളിയാഴ്ചയാണ് ഫൂഗെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൂഗെയുടെ മകൻ ശുഭം ഫൂഗെയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. ശുഭം ഫൂഗെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു പേരെകൂടി കേസില്‍ ഇനി അറസ്റ്റ് ചെയ്യാനുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- രാത്രി പത്തു മണിയോടെ സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ അച്ഛനുമായി എത്താൻ സുഹൃത്തും കേസിലെ പ്രധാന പ്രതിയുമായ അതുല്‍ മോഹിതെ, ശുഭം ഫൂഗെയോട് ആവശ്യപ്പെട്ടുകയായിരുന്നു. വരുമ്പോള്‍ പത്ത് പാക്കറ്റ് ബിരിയാണിയും രണ്ട് പായ്ക്കറ്റ് സിഗരറ്റും വാങ്ങണമെന്നും അതുല്‍ മോഹിതെ ശുഭം ഫൂഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പിതാവിനോട് പറഞ്ഞശേഷം ശുഭം ഫുഗെ മറ്റൊരു സുഹൃത്തായ രോഹന്‍ പഞ്ചലുമൊത്ത് ബിരിയാണി വാങ്ങാനായി പുറത്തുപോയി.
എന്നാല്‍ ഭക്ഷണം വാങ്ങി തിരിച്ചെത്തുമ്പോൾ ജന്മദിന ആഘോഷം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് സുഹൃത്തുക്കളെല്ലാം കൂടി ദത്ത ഫൂഗെയെ ആക്രമിക്കുന്നതാണ് കണ്ടതെന്നും മകൻ പൊലീസിനോട് പറഞ്ഞു. ക്രൂരമായി മർദ്ദനമേറ്റ പിതാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നെന്നും ശുഭം പൊലിസിനോട് വ്യക്തമാക്കി. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. പോലീസിനെ വിളിച്ചപ്പോഴേക്കും സുഹൃത്തുക്കള്‍ ഇരുട്ടില്‍ ഓടി മറഞ്ഞുവെന്നും ശുഭം പോലീസിനോട് വ്യക്തമാക്കി. സാധാരണയായി സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ മാത്രം പുറത്തിറങ്ങുന്ന ദത്ത ഫുഗെ എന്തുകൊണ്ടാണ് തനിച്ച് പുറത്തിറങ്ങിയതെന്ന കാര്യം വ്യക്തമല്ല.
