തിരുവനന്തപുരം: ജനനേന്ദ്രിയം മുറിക്കാൻ പെൺകുട്ടിക്ക് കാമുകൻറെ സഹായം കിട്ടിയതായി സംശയിക്കുന്നുണ്ടെന്ന് സ്വാമി ഗംഗേശാനന്ദ തീർത്ഥ. ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവമെന്നും ഗംഗേശാനന്ദ പറഞ്ഞു. തെളിവെടുപ്പിനായി പെൺകുട്ടിയുടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു സ്വാമിയുടെ പ്രതികരണം. ലൈംഗിക പീഡനം ചെറുക്കാൻ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് പെൺകുട്ടിയുടെ പരാതി തള്ളുന്ന രീതിയിലാണ് സ്വാമിയുടെ പ്രതികരണം.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണമെന്ന് പറഞ്ഞ് പൊലീസിനെയും ഗംഗേശാനന്ദ വിമർശിക്കുന്നു. സ്വാമി പെൺ‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചില്ലെന്നായിരുന്നു അമ്മയുടെ പരാതി. പെൺകുട്ടിയുടെ പ്രേമത്തെ എതിർത്തതിൽ സ്വാമിയോട് പെൺകുട്ടിക്ക് വിരോധമുണ്ടെന്നും അമ്മ ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. അമ്മയുടെ പരാതിക്ക് സമാനമായ രീതിയിലാണ് സ്വാമി മാധ്യമങ്ങളോട് സംസാരിച്ചത്.

അതേ സമയം സംഭവം നടന്ന സമയം പെൺകുട്ടിയുടെ കാമുകൻ കൊല്ലത്തായിരുന്നുവെന്നാണ് മൊബൈൽ ടവർ പരിശോധിച്ച ശേഷം പൊലീസ് കണ്ടെത്തിയത്. അമ്മയുടെ പരാതികളടക്കം പരിഗണിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. അതിനിടെ
ഗംഗാശാനന്ദയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കും. ശനിയാഴ്ച തന്നെ സ്വാമിയെ പോക്സോ കോടതിയിൽ ഹാജരാക്കും