തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെ കുറിച്ച് പെണ്‍കുട്ടി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാൻ തീരുമാനിച്ചത്.

സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിമുറിച്ച കേസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന പേട്ട പൊലീസിനെതിരെ പെണ്‍കുട്ടി ആക്ഷേപം ഉന്നയിക്കുകയും മജിസ്ട്രേറ്റിന് നൽകിയ മൊഴി മാറ്റിപ്പറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എല്ലാ പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ബലാൽസംഗം ശ്രമം ചെറുക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി. എന്നാൽ എല്ലാം പൊലീസ് കഥയാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടി നൽകിയ കത്തും പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തായതോടെയാണ് ദുരൂഹതകള്‍ വർദ്ധിക്കുന്നത്. പെണ്‍കുട്ടിയെ സ്വാമിയുടെ ഇടനിലക്കാർ സ്വാധീനിച്ചുവെന്നാണ് പൊലീസിന് ലഭിക്കുന്നവിവരം.

നാളെ പോക്സോ കോടതി സ്വാമിയുടെ ജാമ്യം പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങള്‍ നടന്നത്. സ്വാമിയുടെ സഹായി അയ്യപ്പദാസിന്രെ പ്രേരണയാൽ സ്വാമിയെ ആക്രമിച്ചെന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പൊലീസ് ഫൊറൻസിക് പരിശോധിക്കയക്കും. പെണ്‍കുട്ടിക്കും സഹായിക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയ്യപ്പദാസിന്രെ സഹായത്തോടെ പെണ്‍കുട്ടി ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്രെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇതിന്രെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ നുണപരിശോധനയും വൈദ്യപരിശോധനയും നടത്തണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ആക്രമണ സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫൊറൻസിക് ഫലത്തിൽ ബലാംസംഗം നടത്തിന്രെ തെളിവുകളില്ലെന്നാണ് സൂചന.