തിരുവനന്തപുരം: പശു പരിപാലനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം നിലവില്‍ വന്നതോടുകൂടി പശുവിന്റെ ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ച് പലരും വാചാലരാകുന്നു.പശുവിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചാലക്കുടിയിലെ ഭാഗവതം ഗ്രാമത്തിന്റെ സ്ഥാപകനായ സ്വാമി ഉദിത് ചൈതന്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയിലെ സ്വാമിയുടെ പ്രധാന വാദങ്ങള്‍ ഇതൊക്കെയാണ്. നാടന്‍ പശുക്കളുടെ കൊമ്പുകള്‍ക്ക് അപകടകാരിയായ റേഡിയോ ആക്ടിവ് തരംഗങ്ങളെ വലിച്ചെടുക്കാനുള്ള കഴിവുണ്ട്. പശുക്കളുടെ കൊമ്പുകള്‍ക്കിടയില്‍ ഒരു എഫ്എം റേഡിയോ കൊണ്ടുവെച്ചാല്‍ ഇക്കാര്യം മനസിലാവും. ചാണകത്തിന്റെ സാധ്യതകള്‍ വേണ്ട രീതിയല്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. ചാണകത്തില്‍ പ്ലൂട്ടോണിയം അടങ്ങിയിരിക്കുന്നതിനാല്‍ ആണവോര്‍ജ പ്ലാന്റുകളില്‍ ഇത് ഉപയോഗിക്കാം. ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിച്ചെടുക്കാനായാല്‍ വലിയൊരു സമ്പദ്‌വ്യവസ്ഥ തന്നെ രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറയുന്നു.

ക്യാന്‍സര്‍ മാറ്റാനുള്ള കഴിവ് നാടന്‍ പശുവിന്റെ മൂത്രത്തിനുണ്ടെന്നും ഉദിത് ചൈതന്യ പറയുന്നു.രക്താര്‍ബുദം ബാധിച്ച സുഹൃത്ത് പ്രധാനമായും ഗോമൂത്രം കഴിച്ച് അസുഖം മാറ്റിയകാര്യവും ഗോ മൂത്രം സ്ഥിരമായി കഴിച്ചാല്‍ പ്രമേഹം, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാമെന്നും ഉദിത് ചൈതന്യ പറയുന്നു. പശുവിന്റെ മാത്രമല്ല പട്ടിയുടെയും പാമ്പുകളുടെയും, കോഴികളുടെയും പ്രാധാന്യത്തെക്കുറിച്ച് സ്വാമി വിശദമാക്കുന്നുണ്ട്.ഇവയെയെല്ലാം ഹിന്ദുക്കള്‍ ആരാധിച്ചിരുന്നു. ഇതിന്റെ കാരണം അപകടകാരികളായ വൈറസുകളെ നശിപ്പിക്കാനുള്ള കഴിവ് ഈ ജന്തുക്കള്‍ക്കുള്ളതിനാലാണ്.

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ഷര്‍മ്മ പശുവിന്റെ 11 ഗുണങ്ങളെക്കുറിച്ച അടുത്തിടെ സംസാരിച്ചതിനെ തുടര്‍ന്ന് പലരീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.പശുവിന്റെ കരച്ചില്‍ വായുവിലൂടെ പകരുന്ന രോഗാണുക്കളെ കൊല്ലുകയും പശുവിന്റെ മൂത്രം കുടിക്കുന്നത് മുന്‍ജന്മത്തിലെ പാപങ്ങള്‍ ഇല്ലാതാക്കുമെന്നുമായിരുന്നു ജഡ്ജിയുടെ വാദം.