തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ തന്നെ കള്ളസ്വാമിയെന്നും തട്ടിപ്പുകാരനെന്നും വിളിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി. രൂക്ഷമായ ഭാഷയിലാണ് സന്ദീപാന്ദയുടെ പ്രതികരണം. 

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ, ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാന്‍ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത് എന്നാണ് സന്ദീപാനന്ദയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ....
സുരേന്ദ്രന്‍ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്? പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതില്‍ സുരേന്ദ്രന്‍ ഇത് തെളിയിക്കണം.സുരേന്ദ്രാ... സുരേന്ദ്രന്‍ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടന്‍ പറഞ്ഞുതരും.

അഭിപ്രായ ഭിന്നതകള്‍ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടില്‍ പോലുമില്ലേയെന്നും സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരി വ്യക്തമാക്കുന്നു. പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുതെന്നും സന്ദീപാനന്ദ ഗിരി പരിഹസിക്കുന്നു.