ചെന്നൈ നുങ്കമ്പാക്കത്ത് ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാംകുമാർ ജയിലിൽ ജീവനൊടുക്കി. ഇലക്ട്രിക് കമ്പി കടിച്ച് സ്വയം ഷോക്കടിപ്പിച്ചാണ് രാംകുമാർ ആത്മഹത്യ ചെയ്തത്. ജയിലധികൃതർ ഉടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചെന്നൈയ്ക്കടുത്തുള്ള പുഴൽ ജയിലിലാണ് സ്വാതി കൊലക്കേസിലെ പ്രതിയായ രാംകുമാറിനെ പാർപ്പിച്ചിരുന്നത്. വൈകിട്ട് നാല് മണിയായിട്ടും ഭക്ഷണം കഴിയ്ക്കാൻ രാം കുമാർ എത്താതിരുന്നതിനെത്തുടർന്ന് ജയിലുദ്യോഗസ്ഥർ ചെന്ന് നോക്കിയപ്പോഴാണ് രാംകുമാർ ജയിലറയിൽ ബോധം കെട്ട് കിടക്കുന്നത് കണ്ടത്. ഉടൻ ചെന്നൈ റോയപ്പേട്ട ജനറലാശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചിരുന്നു.
മുറിയിലെ ഇലക്ട്രിക് കമ്പി വലിച്ചൂരി കടിച്ച് സ്വയം ഷോക്കേൽപിച്ചാണ് രാം കുമാർ മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തിരുനെൽവേലിയിലെ ചെങ്കോട്ട സ്വദേശിയായ ഇയാളെ പിടികൂടാനായി പൊലീസ് എത്തിയപ്പോൾ വീട്ടിൽ വെച്ച് ഇയാൾ മുൻപ് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ അന്ന് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാപ്രവണതയുള്ളയാളായതിനാൽ ഇയാളെ ജയിലിൽ പ്രത്യേകസുരക്ഷയുള്ള സെല്ലിലാണ് പ്രവേശിപ്പിച്ചിരുന്നത്. അതേസമയം രാംകുമാറിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.
ജൂൺ അവസാനവാരമാണ് ചെന്നൈ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വാതിയെന്ന ഐടി ജീവനക്കാരിയെ രാംകുമാർ വെട്ടിക്കൊന്നത്. ഇതേത്തുടർന്ന് സംസ്ഥാനത്തെമ്പാടും വ്യാപകമായ തെരച്ചിൽ നടത്തിയ പൊലീസ് ജൂലൈ ആദ്യവാരമാണ് ഇയാളെ തിരുനെൽവേലിയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
