പാനിപ്പറ്റ്: ഒമ്പതുകാരി വിദ്യാർഥിനിയെ ടോയ്ലറ്റിൽ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. മില്ലേനിയം സ്കൂൾ ജീവനക്കാരൻ തരുൺകുമാറി (22) നെയാണ് പാനിപത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ തൂപ്പുകാരനാണ് ഇയാൾ. പിടിയിലായ തരുൺകുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാഗേഷ് നഗൾ സ്വദേശിയായ പ്രതി കഴിഞ്ഞ മൂന്ന് വർഷമായി സ്കൂളിലെ ജീവനക്കാരനാണ്.
കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് വിദ്യാർഥികളുടെ രക്ഷിതാക്കളും സ്കൂളിന് മുന്നിൽ ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയ സ്കൂൾ അധികൃതർക്കെതിരെയും ഇവർ നടപടി ആവശ്യപ്പെട്ടിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ അമിത കൊച്ചാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു ദിവസം നീണ്ട പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് നടപടിക്ക് തയാറായത്.
ഗുഡ്ഗാവ് റിയാൻ സ്കൂളിലെ ഏഴ് വയസുകാരനെ ബസ് കണ്ടക്ടർ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം പുറത്തുവരുന്നത്.
