നൂറിലധികം വീടുകൾ വെള്ളത്തിലായി സർക്കാർ പ്രഖ്യാപിച്ച കടൽഭിത്തി നിർമ്മാണം ഇങ്ങുമെത്തിയില്ല പ്രതിഷേധവുമായി നാട്ടുകാർ
ചെല്ലാനം: തീരസംരക്ഷണ സമിതി പശ്ചിമ കൊച്ചിയിൽ ഇന്ന് ഹർത്താൽ നടത്തും . ആറ് മാസം മുന്‍പ് സർക്കാർ പ്രഖ്യാപിച്ച കടൽഭിത്തി നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് നൂറിലധികം വീടുകളാണ് വെള്ളത്തിലായത്. ഓഖിയ്ക്ക് സമാനമായി തിരമാലകൾ ചെല്ലാനം തീരത്തേക്ക് അടിച്ച് കയറുകയാണ്. മറുവക്കാട്, കന്പനിപ്പടി ഭാഗങ്ങളിലാണ് കടലാക്രമണം ശക്തം. മറുവക്കാട് ബസാറിലെ വീടുകളെല്ലാം വെള്ളത്തിലാണ്.
ജനജീവിതം ദുസ്സഹമായിട്ടും ജനപ്രതിനിധികളാരും എത്താത്തതിനെ തുടർന്ന് നാട്ടുകാർ ഉച്ചയോടെ തീരദേശപാത ഉപരോധിച്ചു. ഓഖിയ്ക്ക് ശേഷമുള്ള സമരങ്ങൾക്കൊടുവിൽ സർക്കാർ വാഗ്ദാനം ചെയ്ത കടൽഭിത്തി നിർമാണം കഴിഞ്ഞ ദിവസം മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ചെല്ലാനത്ത് എവിടെയും ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം തുടങ്ങിയിട്ടില്ല. രണ്ടാംഘട്ട സമരത്തിന്‍റെ ആദ്യപടിയായാണ് ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെ പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
