പ്രധാനമന്ത്രി 'മദർ ഓഫ് ഓൾ ഡീൽസ്' എന്ന് വിശേഷിപ്പിച്ച കരാർ പ്രകാരം, 99% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും യൂറോപ്യൻ വിപണിയിൽ നേട്ടമുണ്ടാകും. യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ കുറയുന്നതോടെ ഇന്ത്യയിൽ വിലക്കുറവുണ്ടാകുമെന്നും വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി
ദില്ലി: ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാർ ലോകവ്യാപാരത്തിന്റെ 25 ശതമാനത്തെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പ്പന്നങ്ങളും ഈ കരാറിന്റെ പരിധിയിൽ വരുമെന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകും. ഇന്ത്യയിലെ ജ്വല്ലറി മുതൽ സ്പോർട്ട് സാമഗ്രികളുടെ നിർമ്മതാക്കൾക്ക് വരെ കരാർ നേട്ടമുണ്ടാക്കുമെന്ന് പീയൂഷ് ഗോയൽ വിവരിച്ചു. വാണിജ്യ രംഗത്തെ വലിയ മാറ്റങ്ങൾക്കൊപ്പം പ്രതിരോധ സഹകരണ മേഖലയിലും ഈ കരാർ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യൻ വിപണിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉത്പന്നങ്ങൾക്കും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സുപ്രധാന നാഴികക്കല്ലാണ് ഈ കരാറെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. 2030 വരെയുള്ള ദീർഘകാല സഹകരണം ഉറപ്പാക്കുന്ന തരത്തിലാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഉത്തേജനത്തിന് പുറമെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഉടമ്പടി സഹായിക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായി യൂറോപ്പ് മാറുന്നതിന്റെ തുടക്കമാണിതെന്നും വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.
'മദർ ഓഫ് ഓൾ ഡീൽസ്'
ചരിത്രമെഴുതിയ ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഉച്ചയ്ക്കാണ് ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്ത ഉച്ചകോടിയിലാണ് കരാർ യാഥാർത്ഥ്യമായത്. 'മദർ ഓഫ് ഓൾ ഡീൽസ്' എന്നാണ് കരാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ദില്ലിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന നയതന്ത്രചർച്ചകൾക്കൊടുവിലാണ് കരാറിൽ ഒപ്പുവച്ചത്. 27 രാജ്യങ്ങൾ അടങ്ങുന്ന യൂറോപ്യൻ യൂണിയൻ എന്ന വലിയ വിപണിയിലേക്ക് ഇന്ത്യൻ ഉൽപനങ്ങൾക്ക് വഴിതുറക്കുകയാണ് കരാറെന്ന് മോദി ചൂണ്ടിക്കാട്ടി. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യൂറോപ്പ് എന്ന വലിയ വിപണി തുറന്നു കിട്ടുകയാണെന്നും സമൃദ്ധിയിലേക്കുള്ള ബ്ലൂ പ്രിന്റെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രണ്ട് ഭീമന്മാർ തമ്മിലുള്ള കരാറെന്നാണ് യൂറോപ്യൻ യൂണി?ൻ കമ്മീഷൻ അധ്യക്ഷ ഉർസുല അഭിപ്രായപ്പെട്ടത്. തന്ത്രപരവും വിശ്വസനീയവുമായ പങ്കാളിയായി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒന്നിച്ചുമുന്നോട്ടുപോകുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ സാന്‍റോസ് ഡി കോസ്റ്റയും പറഞ്ഞു.
ഇന്ത്യക്ക് വലിയ നേട്ടം
യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവുമുണ്ടാകും. യൂറോപ്യൻ വിപണിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും. പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും. വൈനുകൾ മദ്യം എന്നിവയുടെ തീരുവ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമാകും. ഫാർമ ഉൽപനങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. ഇന്ത്യൻവസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ, പെട്രോളിയം ഉത്പന്നങ്ങൾ, മെഷിനറി എന്നിവയുടെ താരിഫ് കുറയും. ടെക്‌സ്‌റ്റൈൽസ്, തുകൽ. ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്കും നേട്ടമാകും. ഒപ്പം രാജ്യത്തേക്ക് കൂടുതൽ യൂറോപ്യൻ നിക്ഷേപം എത്തും. വ്യാപാരകരാർ കൂടാതെ പ്രതിരോധ സുരക്ഷ കരാറിലും ഊർജ്ജ സഹകരണം, കുടിയേറ്റം അടക്കം അഞ്ച് ഉടമ്പടികളിലും ധാരണപ്പത്രം കൈമാറി, ഒപ്പുവെച്ചെങ്കിലും സൂക്ഷ്മപരിശോധനകൾക്ക്ശേഷം അടുത്ത വർഷത്തോടെ കരാർ പൂർത്തിയാകൂ.


