നിരവധി അവസരങ്ങള്‍ സ്വീഡന് ലഭിച്ചെങ്കിലും അവര്‍ക്ക് മുതലാക്കാനായില്ല
സെന്റ് പീറ്റേഴ്ബെര്ഗ്: പേരില് വലിയ പെരുമയില്ലെങ്കിലും കളത്തില് ആവശ്യത്തിലധികം വീറും വാശിയുമുള്ള സ്വീസ്-സ്വീഡന് പോരിന്റെ ആദ്യ പകുതി ഗോള്രഹിത സമനിലയില്. തുല്യശക്തികളുടെ പോരാട്ടമായി വിലയിരുത്തപ്പെട്ട സ്വിറ്റ്സര്ലാന്റും സ്വീഡനും തമ്മിലുള്ള മത്സരത്തില് ആന്ഡ്രിയാസ് ഗ്രാന്ക്വിസ്റ്റും കൂട്ടരുടെയും ആസൂത്രിതമായ മുന്നേറ്റങ്ങളാണ് കളിയുടെ തുടക്കത്തില് കണ്ടത്.
വിസില് മുഴങ്ങി അധികം കഴിയാതെ തന്നെ മാര്ക്കസ് ബര്ഗിന് സ്വിസ് ബോക്സില് അവസരമൊരുങ്ങിയെങ്കിലും മുതലാക്കാനായില്ല. ഷാക്കീരിയുടെ ബുദ്ധി കൂര്മതയില് പിറന്ന ത്രൂബോളുകളിലൂടെ സ്വീസ് പടയും മത്സരത്തിന്റെ ആവേശം വര്ധിപ്പിച്ചു. വിലയിരുത്തല് പോലെ തന്നെ കളത്തില് വാശിയേറിയ പോരാട്ടമാണ് വീണ്ടും നടന്നത്. ആക്രമണവും പ്രത്യാക്രമണവും ഇരുഭാഗത്ത് നിന്നുമുണ്ടായി.
ബോള് പൊസിഷനില് മുന്നില് നില്ക്കുന്നുണ്ടെങ്കിലും സ്വിറ്റ്സര്ലാന്റിനേക്കാള് മികച്ച നീക്കങ്ങള് മെനഞ്ഞെടുത്തത് സ്വീഡനായിരുന്നു. മറുവശത്ത് കൗണ്ടര് അറ്റാക്കുകളില് പിറന്ന ഗോള് ശ്രമങ്ങളാണ് സ്വിസ് പടയുടെ ഭാഗത്ത് നിന്നുണ്ടായത്. 24-ാം മിനിറ്റില് വീണ്ടും ബെര്ഗിന് ആദ്യ ഗോള് നേടാനുള്ള അവസരം കെെവന്നു.
അതും മുതലാക്കാന് താരത്തിനായില്ല. നാലു മിനിറ്റുകള്ക്ക് ശേഷം കളിയിലെ ഏറ്റവും സുന്ദരന് നിമിഷം പിറന്നു. ടോണിവോനന്റെ വലലക്ഷ്യമാക്കിയുള്ള ഇടങ്കാലന് ഷോട്ട് ഒരുവിധത്തില് സോമര് ചാടി രക്ഷപ്പെടുത്തിയതോടെ സ്വിസ് നിര ഒന്ന് ആശ്വസിച്ചു. 34-ാം മിനിറ്റില് ഇതിനുള്ള മറുപടി സ്വിസ് നല്കി. ഷാക്കയുടെ കിടിലന് ലോംഗ് റേഞ്ചര് ചെറിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്.
42-ാം മിനിറ്റില് സ്വീഡന് വീണ്ടും തുറന്ന സാധ്യത സ്വിസ് ബോക്സില് ലഭിച്ചു. ലസ്റ്റിഗിന്റെ അളന്ന് മുറിച്ചുള്ള ക്രോസ് എക്ദാലിന് കാല്പാകത്തിന് ലഭിച്ചെങ്കിലും വോളി ഗോള് പോസ്റ്റിന് മുകളിലൂടെ പറന്നു. ഷാക്കീരിയുടെ മറ്റൊരു ശ്രമം കൂടെ കഴിഞ്ഞതോടെ ആദ്യപകുതി അവസാനിച്ചു.
