ആദ്യ പകുതിയില്‍ ബ്രിസീലിന് വേണ്ടി കുടിഞ്ഞോയും രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി സ്റ്റീഫന്‍ സുബേറ് എന്നിവരാണ് ഗോള്‍ നേടിയത്.

മോസ്‌കോ: ലോകകപ്പില്‍ ബ്രസീലിന് സമനില തുടക്കം. സ്വിറ്റ്‌സര്‍ലന്‍ഡാണ് 1-1ന് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ ബ്രിസീലിന് വേണ്ടി കുടിഞ്ഞോയും രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി സ്റ്റീഫന്‍ സുബേറ് എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ വമ്പന്മാരായ ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജര്‍മനി എന്നീ ടീമുകള്‍ക്ക് ജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ല. 

ഇരുവരും ആക്രമിച്ചാണ് തുടങ്ങിയത്. പരിക്കിന്റെ ഭീഷണി കാരണം സൂപ്പര്‍ താരം നെയ്മര്‍ കളത്തില്‍ ഇറങ്ങില്ലെന്നു കരുതിയെങ്കിലും ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ നെയ്മര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഗബ്രിയേല്‍ ജീസസ്, കുടിഞ്ഞോ, പൗളിഞ്ഞോ എന്നിവരും സ്വിസ് ഗോള്‍മുഖം വിറപ്പിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആക്രമണങ്ങള്‍ക്ക് ഷാഖീരി നേതൃത്വം നല്‍കി. 

ബ്രസീലിയന്‍ ആരാധകര്‍ കാത്തിരുന്ന ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത് ഇരുപതാം മിനുട്ടിലാണ്. കുടിഞ്ഞോയുടെ വെടിക്കെട്ട് ഷോട്ടിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ അടിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട സ്വിസ്സ് നിരയല്ല രണ്ടാം നിരയില്‍ കാണാന്‍ സാധിച്ചത്. തുടര്‍ച്ചയായ ആക്രമണമാണ് ബ്രസീലിയന്‍ പ്രതിരോധത്തിന് നേരെ സ്വിറ്റ്‌സര്‍ലാന്‍ഡ് അഴിച്ചു വിട്ടുകൊണ്ടിരുന്നത്. അന്‍പതാം മിനുട്ടില്‍ സുബേറിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സമനില നേടി. ഷാഖിരി എടുത്ത കോര്‍ണര്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് സുബേര്‍ ഗോളാക്കി മാറ്റിയത്.