കോലഞ്ചേരിയിലെ സിന്തൈറ്റ് കമ്പനി അടച്ചിടും ജോലിക്കെത്തിയ തൊഴിലാളികൾക്ക് പോലീസ് സംരക്ഷണം കിട്ടിയില്ലെന്ന് മാനേജ്മെന്‍റ്
കൊച്ചി: എറണാകുളം കടയിരുപ്പിലെ സിന്തൈറ്റ് കമ്പനി താത്കാലികമായി അടച്ചു. സമരത്തെ തുടർന്ന് തൊഴിലാളികളുമായി ജില്ലാ കളക്ടരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് മാനേജ്മെന്റ് നിലപാട് കടുപ്പിച്ചത്.
സിഐടിയു യൂണിയനിലെ 17പേരെ കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റിയ കമ്പനി നടപടിക്കെതിരെയാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ തൊഴിലാളികൾ സമരം തുടങ്ങിയത്. മറ്റന്നാൾ ലേബർ കമ്മീഷണറുമായുള്ള ചർച്ചക്ക് ശേഷമെ കമ്പനി തുറക്കുന്നതിൽ തീരുമാനമെടുക്കൂ എന്നാണ് മാനേജ്മെന്റ് നിലപാട്.അത് വരെ കമ്പനി അടച്ചിടും.എന്നാൽ അനുകൂല തീരുമാനമുണ്ടാകും വരെയും സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.
സമരത്തിൽ ഒരു വിഭാഗം തൊഴിലാളികളുടെ നിലപാട് മാനേജ്മെന്റിന് അനുകൂലമാണ്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ഇവരെ സമരം ചെയ്യുന്ന തൊഴിലാളികൾ തടഞ്ഞിരുന്നു. ഇവർ ജോലിക്കെത്താൻ തയ്യാറെങ്കിലും പോലീസ് സംരക്ഷണം നൽകുന്നില്ലെന്നാണ് മാനേജ്മെന്റിന്റെ ആരോപണം.
