സിറിയൻ സൈന്യം പടിഞ്ഞാറൻ അലെപ്പോയിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത ആക്രമണമാണ് നടത്തിയത്. ഇടവേളകളില്ലാതെ നൂറ്റിയൻപതിലേറെ വ്യോമാക്രമണങ്ങൾ. റഷ്യൻ വ്യോമസേനയുടെ പിന്തുണയോടെ നടന്ന ആക്രമണത്തിൽ നഗരം ഏതാണ്ട് പൂർണ്ണമായും തകർന്നു. 

അവശ്യസേവന സംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും വിമതരുടെ ഭൂഗർഭ ഒളിയിടങ്ങളും ഒരുപോലെ യുദ്ധവിമാനങ്ങൾ ലക്ഷ്യംവച്ചു. സാധാരണക്കാർ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നിർമ്മിച്ച ട്രഞ്ചുകളിലും ബോബുകൾ പതിച്ചെന്ന് അലെപ്പോ നഗരവാസികളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 

തുടർച്ചയായ ആക്രമണം കാരണം പരിക്കേറ്റവരെ കണ്ടെത്താനും അടിയന്തരചികിത്സ നൽകാനും രക്ഷാപ്രവർത്തകർക്കും ആകുന്നില്ല. രക്ഷാപ്രവർത്തക സംഘമായ വൈറ്റ് ഹെൽമെറ്റിന്‍റെ അലെപ്പോയിലെ നാല് കേന്ദ്രങ്ങളിൽ മൂന്നിലും ഇന്നലെ ബോംബ് പതിച്ചു. 

സന്നദ്ധസേവകരുടെ വാഹനങ്ങളും ആംബുലൻസുകളും വരെ സൈനികവിമാനങ്ങൾ നേരിട്ട് ലക്ഷ്യംവച്ചെന്ന് വൈറ്റ് ഹെൽമെറ്റ് പ്രവർത്തകൻ അബ്ദുൽ റഹ്മാൻ അൽ ഹസാനി പറയുന്നു. ആക്രമണം തുടരുമെന്നും അലെപ്പോയിലെ സാധാരണക്കാ‍ർ രാജ്യത്തിന്‍റെ സർക്കാർ നിയന്ത്രണമുള്ള പ്രദേശങ്ങളിലേക്ക് മാറണമെന്നും സിറിയൻ പ്രതിരോധമന്ത്രാലയം വെബ്സൈറ്റിലൂടെ ആവശ്യപ്പെട്ടു.

എന്നാൽ വ്യോമാക്രമണം തുടരുന്നതും വിമതരുടെ ഭീഷണിയും കാരണം ഇത് ഏറെക്കുറെ അപ്രായോഗികമാണ്. കരസേനയുടെ ആക്രമണത്തിന് മുന്നോടിയാണ് കനത്ത വ്യോമാക്രമണമെന്നും സൈന്യം സ്ഥിരീകരിക്കുന്നു. ഒരിക്കൽ സിറിയയുടെ പ്രധാന വ്യാപാര വ്യവസായ കേന്ദ്രമായിരുന്ന അലെപ്പോയിൽ മരണം പെയ്യുകയാണ്. 2012 മുതൽ അലെപ്പോ വിമതരുടെ നിയന്ത്രണത്തിലാണ്. മരണമുഖത്ത് 2,50,000 പേരാണ് അലെപ്പോയിൽ കുടുങ്ങിക്കിടക്കുന്നത്.