ഡമാസ്ക്കസ്: സിറിയയിലെ ഹോംസിലെ തന്ത്രപ്രധാന വ്യോമത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. റഷ്യയും സിറിയന്‍ സേനയും സംയുക്തമായി ഉപയോഗിച്ചു വന്നിരുന്ന വ്യോമത്താവളമാണ് ഐഎസ് തകര്‍ത്തത്. നാല് ഹെലികോപ്റ്ററുകളും മിസൈല്‍ വഹിക്കുന്ന 20 ലോറികളും ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ കത്തി നശിച്ചു.
വ്യോമത്താവളത്തിലെ മറ്റ് വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംഭവത്തിന് പിന്നില്‍ ദുരൂഹത ആരോപിക്കുന്നുണ്ടെങ്കിലും ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയന്‍ സേന ആരോപിച്ചു. ആക്രമണത്തിന്റെ ആകാശദൃശ്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ടു.
അതേ സമയം സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപിത തലസ്ഥാനമായ റഖ തിരികെ പിടിക്കാന്‍ , അമേരിക്കന്‍ പിന്തുണയോടെ കുര്‍ദ്ദുകള്‍ ആക്രമണം തുടങ്ങി. ആക്രമണവുമായി സഹകരികരിക്കാന്‍ തയ്യാറാണെന്ന് റഷ്യയും അറിയിച്ചു.
കുര്‍ദ്ദ് സായുധ സേനയായ വൈജിപി നേതൃത്വം നല്‍കുന്ന സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സസാണ് റഖ തിരികെ പിടിക്കാന്‍ ശക്തമായ നീക്കം നടത്തുന്നത്. അമേരിക്കന്‍ വ്യോമാക്രമണത്തിന്‍റെ പിന്തുണയോടെയാണ് എസ്ഡിഎഫിന്‍റെ ആക്രമണം. ആയിരക്കണക്കിന് പേരെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ എസ്ഡിഎഫ് അണിനിരത്തുന്നതായാണ് റിപ്പോര്‍ട്ട്.
റഖയില്‍ നിന്ന് 55 കിലോ മീറ്റര്‍ അകലെയുള്ള അയ്ന്‍ ഇസയില്‍ പോരാട്ടം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം കൊബാനെ തിരികെ പിടിക്കാന്‍ നടന്ന നീക്കത്തിന് ശേഷം നടക്കുന്ന ശക്തമായ നീക്കമാണ് ഇത്തവണത്തേത്. രണ്ട് വര്‍ഷത്തിലധികമായി റഖ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലാണ്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്വയം പ്രഖ്യാപിത തലസ്ഥാനമാണ് റഖ.
അമേരിക്കയും സിറിയന്‍ സായുധ വിഭാഗങ്ങളും സംയുക്തമായി നടത്തുന്ന നീക്കവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഇസ്ലാമിക് സ്റ്റേറ്റും ശക്തമായി തിരിച്ചടിക്കുകയാണ്. ടാര്‍ട്ടസ്, ജബേല തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രണ മേഖലകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളില്‍ 150 ലധികം പേര്‍ കൊല്ലപ്പെട്ടു.
