ഡമാസ്ക്കസ്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മാന്‍ബിജ് നഗരം പിടിച്ചെടുക്കാനുള്ള ശ്രമം സൈന്യം ഊര്‍ജിതമാക്കി. ഇതിന് മുന്നോടിയായി 48 മണിക്കൂറിനകം നഗരം വിട്ടുപോകണമെന്ന് സഖ്യസേന ഐഎസിന് അന്ത്യശാസനം നല്‍കി.
സിറിയന്‍ നഗരമായ മാന്‍ബിജില്‍ നിന്നും 48 മണിക്കൂറിനകം പിന്‍വാങ്ങണണമെന്ന അന്ത്യശാസനമാണ് ഇസ്ലാമിക് സ്റ്റേറ്റിന് സഖ്യസേന നല്‍കിയിരിക്കുന്നത്. ഐഎസ് നിയന്ത്രണത്തിലുള്ള നഗരം പടിച്ചെടുക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് മുന്നറിയിപ്പ്.
മാന്‍ബിജ് തിരിച്ചു പിടിക്കാനുള്ള നീക്കം ഒരു മാസം മുന്‍പ് തുടങ്ങിയ സൈന്യം ഏതാണ്ട് നഗര ഹൃദയത്തോട് അടുത്തിട്ടുണ്ട്. അവസാന പോരാട്ടത്തിന് മുന്പ് ഐഎസിന് ഒരു അവസരം കൂടി നല്‍കുകയാണെന്നാണ് സഖ്യസേനയില്‍ പങ്കാളിയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് വ്യക്തമാക്കുന്നത്.
എന്നാല്‍ ഐഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്കന്‍ വ്യോമാക്രമണത്തിന്‍റെ പിന്തുണയോടെ 48 മണിക്കൂറിനകം പോരാട്ടം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ഇതിന് മുന്നോടിയായി മാന്‍ബിജില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ ജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
പോരാട്ടം കനത്താല്‍ ജനങ്ങളെ ഐഎസ് മനുഷ്യ കവചമാക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ നീക്കം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഐഎസിനെ ലക്ഷ്യമാക്കി സഖ്യസേന നടത്തിയ ആക്രണത്തില്‍ 56 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇത് ഇനിയും ആവര്‍ത്തിക്കപ്പെട്ടാല്‍ വികാരം എതിരാകുമെന്ന വിലയിരുത്തലും സൈന്യത്തിന്‍റെ നീക്കത്തിന് പിന്നിലുണ്ട്. ആക്രണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
