Asianet News MalayalamAsianet News Malayalam

സിറിയന്‍ അഭയാർത്ഥി ക്യാമ്പിലെ അറുപതിനായിരത്തോളം പേര്‍ പട്ടിണിയില്‍

Syrian refugee camp crisis jordan bo
Author
First Published Jul 2, 2016, 7:34 PM IST

ദമാസ്കസ്: ജോര്‍ദാന്‍  അതിര്‍ത്തിയിലെ  സിറിയന്‍  അഭയാർത്ഥി ക്യാമ്പിലെ   അറുപതിനായിരത്തോളം പേര്‍   പട്ടിണിയില്‍. അഭയാര്‍ത്ഥി  ക്യാമ്പിലേക്കുള്ള ഭക്ഷണത്തിന്‍റേയും  വെള്ളത്തിന്‍റേയും  വിതരണം  ജോര്‍ദാന്‍  സര്‍ക്കാര്‍  നിര്‍ത്തിവച്ചതാണ്  ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്.  ജോര്‍ദാന്‍റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് സമീപം കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍  ജോര്‍ദാന്‍ സൈനികരെ ആക്രമിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് മേഖലയില്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി.

ഇതിനൊപ്പം അഭയാര്‍ത്ഥികള്‍ക്ക് സഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. ഒപ്പം ഈ ക്യാമ്പുകളിലേക്ക് ആഹാരവും വെള്ളവും എത്തിക്കുന്നതിന് വിലക്ക് കൊണ്ടുവന്നു. സര്‍ക്കാരിന്‍റെ ഈ നടപടിയാണ് അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതം ദുരിതമയമാക്കിയിരിക്കുന്നത്. ക്യാമ്പിലെ മുപ്പതിനായിരത്തോളം വരുന്ന സിറിയന്‍ കുട്ടികള്‍ ഇതുമൂലം പട്ടിണിയിലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ 1500 ഓളം വരുന്ന അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പോഷകാഹാരം കുറവുള്ളവരാണെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

കുട്ടികളില്‍ എണ്ണായിരത്തോളം പേര്‍ക്ക് ഗുരുതരമായ അതിസാരവും ബാധിച്ചിട്ടുണ്ട്.  കുട്ടികള്‍ക്ക് പുറമേ ക്യാമ്പിലെ അറുപതിനായിരത്തോളം വരുന്ന മുതിര്‍ന്നവരും ദുരിതത്തിലാണ്. ഇവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. മേഖലയിലെ കനത്ത ചൂടും ഒപ്പം പട്ടിണിയും വലക്കാന്‍ തുടങ്ങിയതോടെ പലരും ജീവന്‍ പണയം വച്ച് സിറിയയിലേക്ക് തന്നെ മടങ്ങി തുടങ്ങിയതായും മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഹാരവും വെള്ളവും മരുന്നും നിഷേധിക്കപ്പെട്ടതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇതുവകവക്കാതെ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ് ജോര്‍ദാന്‍ സര്‍ക്കാര്‍. അതിര്‍ത്തികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘവും സ്ഥിഗതികളില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഗുരുതരമായി വീഴ്ച പറ്റിയതായി  അവര്‍ ആരോപിച്ചു.

Follow Us:
Download App:
  • android
  • ios