കൊച്ചി: 'ഭൂമി വിൽപ്പന വിവാദത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ആർച്ച് ഡയോസിയൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്പരൻസി വൈക്കത്ത് നടത്താനിരുന്ന സെമിനാർ റദ്ദാക്കി.

യോഗത്തിൽ സംഘർഷമുണ്ടാകുമെന്ന സൂചനയെത്തുടർന്ന് പരിപാടി നടത്തരുതെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അങ്കമാലിയിൽ ചേർന്ന എഎംറ്റി യോഗത്തിൽ മാർ ജോർജ് ആലഞ്ചേരിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ഇന്ന് മൂന്ന് മണിക്കായിരുന്നു സെമിനാർ നടക്കേണ്ടിയിരുന്നത്. അതേസമയം ഇന്ന് തന്നെ സെമിനാർ സംഘടിപ്പിക്കുമെന്ന് എ.എം.റ്റി. കൺവീനർ റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.എ.എം.റ്റി. പ്രവർത്തകർ വൈക്കം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു. മാർ. ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും വൈക്കത്തെത്തി.ഇരു വിഭാഗവും തമ്മിൽ വാക്കുതർക്കവും നടന്നു. എന്നാല്‍ സെമിനാര്‍ നടത്തുന്നതിന് അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് പൊലീസ്.