കൊച്ചി: വിദേശകുടിയേറ്റത്തിനെതിരെ നിലപാട് വ്യക്തമാക്കി കേരളത്തിലെ കത്തോലിക്കാ സഭ.വിദേശ ജോലി ഭ്രമം വിശ്വാസികള്‍ ഉപേക്ഷിക്കണമെന്നും രാജ്യത്തുതന്നെ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നുമാണ് സിറോ മലബാര്‍ സഭയുടെ പ്രബോധന രേഖയിലുളളത്. വൈദികരുടെ ആ‍ഡംബരഭ്രമം കുറയ്‌ക്കണമെന്നും ജീവിതത്തില്‍ ലാളിത്യം വേണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചു.

വിദേശം കുടിയേറ്റം സംബന്ധിച്ച് ലോകമെങ്ങുമുളള വ്യാപക ചര്‍ച്ചകള്‍ക്കിടെയാണ് സിറോ മലബാ‍ര്‍ സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസികള്‍ വിദേശ ജോലി ഭ്രമം ഉപേക്ഷിക്കണം. ഇവിടെ മികച്ച ജോലി ജോലിയുളള പലരും അതുപേക്ഷിച്ച് വിദേശത്തേക്ക് പോവുകയാണ്. ഇത് നല്ല പ്രവണതയല്ല. ഇവിടുത്തന്നെ ആവശ്യത്തിന് തൊഴിലുകളുണ്ട്. അത് കണ്ടില്ലെന്ന് നടിച്ച് അഭ്യസ്ഥവിദ്യര്‍ പോലും വിദേശത്തെ നിലവാരം കുറഞ്ഞ തൊഴിലുകളിലേക്ക് പോകരുതെന്നാണ് സഭാ നിലപാട്.

സഭയിലെ വൈദിക‍ര്‍ക്ക് കുറച്ചുകൂടി ലാളിത്യം വേണമെന്നും ആഡംബരം ഭ്രമം കുറയ്‌ക്കണമെന്നാണ് കര്‍ദിനാള്‍ മാ‍ര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നി‍ര്‍ദേശം. ആഡംബരഭ്രമം സമൂഹമധ്യത്തില്‍ വൈദികരെപ്പറ്റി തെറ്റായ ധാരണയുണ്ടാക്കും. എന്നാല്‍ യുവാക്കള്‍ 25 വയസിനും യുവതികള്‍ 23 വയസനും മുമ്പ് വിവാഹം കഴിക്കണമെന്ന താമരശേരി ബിഷപ്പിന്റെ സര്‍ക്കുലര്‍ സഭയുടെ പൊതുനിലപാടല്ലെന്ന് സിറോ മലബാർ സഭാ വ്യക്താവ് ഫാദർ ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. ഇക്കാര്യം ഭാവിയില്‍ ചര്‍‍ച്ചയായേക്കാം. പക്ഷേ ഇപ്പോള്‍ അങ്ങനെയൊരു നിയമം തങ്ങള്‍ക്കില്ലെന്നും സിറോ മലബാര്‍ സഭ അറിയിച്ചു.