കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതകളിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് സിറോമലബാർ സഭയ്ക്കുള്ളിൽ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. ഭൂമി വിൽപ്പനയ്ക്ക് നേതൃത്വം കൊടുത്ത സഭാ നേതൃത്വത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഒരുവിഭാഗം വൈദികർ മാർപ്പാപ്പയ്ക്ക് കത്തയച്ചു. വിവാദം ശക്തമായതോടെ ഇടപാടിന് ചുക്കാൻ പിടിച്ച വൈദികനെ മാറ്റി നിർത്തി സഭാ നേതൃത്വവും അന്വേഷണം തുടങ്ങി.

എറണാകുളം – അങ്കമാലി അതിരൂപതയ്ക്കുണ്ടായ കടങ്ങൾ വീട്ടുന്നതിനാണ് സീറോമലബാർ സഭയുടെ മൂന്ന് ഏക്കർ മുപ്പത് സെന്‍റ് ഭൂമി വിൽപ്പന നടത്താൻ വൈദിക സമിതി ഫിനാൻസ് ഓഫീസറായ വൈദികനെ ചുമതലപ്പെടുത്തിയത്. കാക്കനാട്, തൃക്കാക്കര, സീപോർട്ട്- എയർപോർട്ട് റോഡ്,മരട് എന്നിവിടങ്ങളിലെ ഭൂമി വിൽക്കുന്നതിനായിരുന്നു തീരുമാനം. വിൽപ്പനയ്ക്കായി സമിതി സാജു വർഗീസ് എന്നയാളെ ചുമതലപ്പെടുത്തി. 27 കോടിരൂപയ്ക്ക് കരാർ ഉണ്ടാക്കി. എന്നാൽ സ്ഥലം വിൽപ്പന നടത്തിയ സാജും ഇതുവരെ സഭയ്ക്ക് കൈമാറിയത് 9 കോടി രൂപമാത്രമാണ്.

ബാക്കി തുകയ്ക്ക് പകരമായി മലയോരത്ത് സാജുവിന്‍റെ ഉടമസ്ഥതയിലുള്ള 46 ഏക്കർ ഭൂമി കർദിനാൾ ആലഞ്ചേരിയുടെ പേരിൽ ഈടായി നൽകി. സാജുവിന്‍റെ കൈയ്യിലായ സഭയുടെ ഭൂമി ആഴ്ചകൾക്കകം മൂന്നിരട്ടി ലഭാത്തിന് മറ്റ് പലർക്കായി മറിച്ചുവിറ്റു. ഭൂമി വിൽപ്പനയിൽ സുതാര്യതയില്ലെന്ന് ഒരുവിഭാഗം വൈദികർ തന്നെ രംഗത്ത് വന്നതോടെ വിൽപ്പനയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയെ ചുമതലയിൽ നിന്ന് സഭാ നേതൃത്വം നീക്കിയിട്ടുണ്ട്.

പ്രത്യേകസമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഭൂമി വിൽപ്പനയിലൂടെ സഭയ്ക്ക് സാമ്പതിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും സഭാ വക്താവ് ജിമ്മി പൂച്ചക്കാട്ടിൽ അറിയിച്ചു. വിവദാങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ക്രിസ്മസ് പാതിരാ കുർബാനയിൽ കർദിനാൽ മാർ ജോർജ്ജ് ആലഞ്ചേരി പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്നമാണ് കാരണമായി വിശദീകരിച്ചത്.