യുദ്ധം കാരണം വിമാന ഇന്ധനവിലയിൽ 121 ശതമാനത്തിലധികം വർധനവുണ്ടായതായി അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. ഇത് പ്രവാസികളടക്കമുള്ളവരുടെ യാത്രാച്ചെലവ് ഗണ്യമായി വർധിപ്പിക്കുമെന്നും മിഡിൽ ഈസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു

ദുബായ്: യുദ്ധം കാരണം കുതിച്ചുയർന്ന വിമാന ഇന്ധനവില കാരണം പ്രവാസികൾക്ക് ഉൾപ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും. വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകൾ അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ പുറത്തുവിട്ടതോടെ ആശങ്കയും കനക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ നിന്ന് ഈ ഏപ്രിലിലേക്കെത്തിയപ്പോഴാണ് വിമാന ഇന്ധന വില 121 ശതമാനത്തിലധികം കൂടിയത്. കാരണം പശ്ചിമേഷ്യയിലെ ഇറാൻ - ഇസ്രയേൽ - അമേരിക്ക യുദ്ധം തന്നെ. ഇത് വിമാന ടിക്കറ്റ് നിരക്കിൽ ഇനിയും വലിയ വർധനവിന് കാരണമാകുമെന്ന് സാരം. യാത്രക്കാരനെ നേരിട്ട് ബാധിക്കും. വിമാന ഇന്ധന നിരക്ക് കൂടിയത് മാത്രമല്ല പ്രതിസന്ധി. മിഡിൽ ഈസ്റ്റിൽ പല സർവ്വീസുകളും നിലച്ചതും തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാത്രക്കാരുടെ എണ്ണവും കുറഞ്ഞു

അയാട്ടയുടെ കണക്ക് പ്രകാരം ആഗോള തലത്തിൽ യാത്രക്കാരുടെ എണ്ണവും ഡിമാൻഡും കുറഞ്ഞു. 3.46 ശതമാനം ആണ് കുറവ്. മിഡിൽ ഈസ്റ്റ് വിമാന കമ്പനികൾക്ക് ഡിമാൻഡിൽ 46.6 ശതമാനമാണ് ഇടിവ്. ഇതും നേരിട്ട് അനുഭവിക്കേണ്ടി വരിക പ്രവാസികൾ തന്നെ. ഈ അനിശ്ചിത സ്ഥിതി വ്യോമഗതാഗത മേഖലയിൽ തുടരുന്നു എന്ന് അയാട്ട തന്നെ വ്യക്തമാക്കുമ്പോൾ കീശ കീറുന്നത് തുടരുമെന്നുറപ്പ്. ഗൾഫിൽ സ്കൂളടച്ച്, വേനലവധി കാലമായതോടെ പ്രവാസി കുടുംബങ്ങളുടെ യാത്രകൾ കൂടുന്ന കാലവുമാണ്. അപ്പോഴാണ് ഈ ഇരുട്ടടിയിൽ വലയേണ്ടി വരുന്ന അവസ്ഥ.