സിറോ മലബാര്‍ സഭ ഭൂമിയിടപാട്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി

ദില്ലി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കര്‍ദിനാളിനെയടക്കം പ്രതിയാക്കിയ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജിയാണ് തള്ളിയത്.

കേസിലെ എഫ്ഐആര്‍ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സഭാ വിശ്വാസികളായ മാര്‍ട്ടിൻ പയ്യപ്പള്ളിലും ഷൈൻ വര്‍ഗീസും നൽകിയ ഹര്‍ജികളിലാണ് കോടതി വിധി. കേസിലെ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഉത്തരവിടണമെന്നാണ് ഹര്‍ജികളിൽ ആവശ്യപ്പെടുന്നത്. നേരത്തെ ഈ കേസ് പരിഗണിക്കവെ ഇത് അതീവ ഗൗരവമുള്ള കേസാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. 

കേസ് പരിഗണിച്ച ഉടന്‍ തന്നെ ഈ കേസ് ഇവിടെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാര‍്ക്ക് ആവശ്യമെങ്കില്‍ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നാണ് ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി സുപ്രിം കോടതി ശരിവയ്ക്കുകയും ചെയ്തു.