Asianet News MalayalamAsianet News Malayalam

അച്ചടക്ക ലംഘനത്തിന്‍റെ വാളോങ്ങി സിറോ മലബാര്‍ സഭ; ജനകീയ വിഷയങ്ങളിൽ ഇടപെടുന്നവര്‍ക്കെതിരെ കർശന നടപടി

സിറോ മലബാർ സഭയെ പ്രതിസ്ഥാനത്ത് നിർത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്.

syro malabar sabha takes disciplinary action against priests
Author
Kochi, First Published Jan 18, 2019, 6:19 PM IST

കൊച്ചി: ജനകീയ വിഷയങ്ങളിൽ  ഇടപെടുന്ന വൈദികർക്കും സന്ന്യാസിമാർക്കും എതിരെ അച്ചടക്കലംഘനത്തിന്റെ വാളോങ്ങി സിറോ മലബാർ സഭ. പൊതുസമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സഭാ സിനഡിൻറെ തീരുമാനം.

സിറോ മലബാർ സഭയെ പ്രതിസ്ഥാനത്ത് നിർത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്. വൈദികർക്കും സന്യസ്തർക്കും കൂച്ചു വിലങ്ങിടുന്ന മാർഗ രേഖ തയ്യാറാക്കാനും മെത്രാന്മാർ തീരുമാനിച്ചു.  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിൻറെ പേരിൽ കന്യാസ്ത്രീകൾ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തിൽ സഭ നിലപാട് വ്യക്തമാക്കുന്നത്. 

സമീപ കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിൻറെ സകല സീമകളും ലംഘിച്ചു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിലെ പാവകളായി. അച്ചടക്ക ലംഘനം നടത്തുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശിക്ഷണ നടപടി സ്വീകരിക്കാനും സിനഡ് ശുപാർശ ചെയ്യുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്കെതിരെയും സിനഡിൻറെ താക്കീതുണ്ട്. രൂപത അധ്യക്ഷന്‍റെയോ മേജർ സുപ്പീരിയറുടെയോ അനുമതിയില്ലാതെ ചർച്ചകളിൽ പങ്കെടുക്കുകയോ അഭിമുഖം നൽകുകയോ പാടില്ലെന്നാണ് മുന്നറിയിപ്പ്.
 
സുതാര്യതയുടെ പേര് പറഞ്ഞ് സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ തള്ളിയ സിനഡ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനാകും എന്ന പ്രതീക്ഷയും പങ്കു വച്ചാണ് സിറോ മലബാർ സഭയുടെ 27ാമത് സിനഡ് കൊച്ചിയിൽ സമാപിച്ചത്.  സിനഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് പള്ളികളിൽ വായിക്കുന്നതിനായി കുറിപ്പ് പുറത്തിറക്കിയത്.

Follow Us:
Download App:
  • android
  • ios