കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി ടി.നസിറുദ്ദീനെ വീണ്ടും തെരഞ്ഞെടുത്തു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം സ്വദേശിയും സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ആയിരുന്ന പെരിങ്ങമല രാമചന്ദ്രനാണ് നസിറുദ്ദീനെതിരെ മല്‍സരിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ടി.നസിറുദ്ദീന്‍ വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പെരിങ്ങമല രാമചന്ദ്രന്‍ 10 വോട്ടുകളുടെ വ്യത്യാസത്തില്‍ നസിറുദ്ദീനെതിരെ കാഴ്ച വച്ചത് ശക്തമായ മല്‍സരം. ആകെ പോള്‍ ചെയ്ത 526 വോട്ടുകളില്‍ 267 വോട്ടുകളാണ് ടി നസിറുദ്ദീന്‍ നോടിയത്. പെരിങ്ങമല രാമചന്ദ്രന് 257 വോട്ടുകള്‍ ലഭിച്ചു.

വ്യാപകമായ കള്ളവോട്ടുകള്‍ നടന്നതിനാലാണ് നസിറുദ്ദീന്‍ വീണ്ടും പ്രസിഡണ്ട് ആയതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. 1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്ന നസിറുദ്ദീനെതിരെ സമീപകാലത്ത് സംഘടനയില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായതിന്റെ ഫലമായി രണ്ട് തവണ പിളര്‍ന്നിരുന്നു. വ്യാപാരികള്‍ക്ക് എന്നും പ്രിയങ്കരനായതിലാണ് വീണ്ടും വിജയിച്ചതെന്ന് നസിറുദ്ദീന്‍ പറഞ്ഞു.