പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ നടപടിക്കെതിരെ ഡിജിപി ടി.പി സെന്‍കുമാർ നൽകിയ ഹർജി പരിഗണിക്കുന്നത് എറണാകുളം സെൻട്രൽ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നാളത്തേയ്‍ക്കു മാറ്റി. ഹർജിയിൽ നാളെ അന്തിമ വാദം തുടങ്ങിയേക്കും.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം‍, ജിഷ വധം അടക്കമുള്ള കേസുകളുടെ അന്വേഷണത്തിൽ വീഴ്‍ച വരുത്തിയതിനാലാണ് ഡിജിപി സെൻകുമാറിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയതെന്നായിരുന്നു സെൻട്രൽ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ അന്വേഷണത്തിൽ വീഴ്‍ച വരുത്തിയിട്ടില്ലെന്ന് മറുപടി സത്യവാങ്മൂലത്തിൽ സെൻകുമാർ വ്യക്തമാക്കിയിരുന്നു. കോടതി മേൽനോട്ടത്തിലായിരുന്നു കേസുകളിലെ അന്വേഷണമെന്നും പൊലീസിന് വീഴ്‍ച പറ്റിയിട്ടില്ലെന്നുമായിരുന്നു സെൻകുമാറിന്‍റെ നിലപാട്. കഴിഞ്ഞ വെള്ളിയാഴ്ച സമർപ്പിച്ച മറുപടി സത്യവാങ്മൂലം പഠിക്കാൻ സമയം വേണമെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേയ്‍ക്കു വെച്ചത്. എന്നാൽ കേസ് പരിഗണിക്കുന്നത് സിഎടി ബഞ്ച് നാളത്തേയ്‍ക്കു മാറ്റി. ജുഡിഷ്യൽ അംഗം ജസ്റ്റിസ് എൻ കെ ബാലകൃഷ്‍ണൻ, അഡ്‍മിനിസ്ട്രേറ്റീവ് അംഗം പത്മിനി ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.