ഡിജിപി ടി പി സെന്‍കുമാറിനെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്. സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും തുടരന്വേഷണം വേണ്ടെന്നും പ്രത്യേക കോടതിയില്‍ വിജിലന്‍സ് നിലപാടറിയിച്ചു.
ടി പി സെന്‍കുമാറിനെതിരായ ആറുപരാതികളിലാണ് തെളിവുകളില്ലെന്നും തുടരന്വേഷണം വേണ്ടെന്നും വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസി എംഡി ആയിരിക്കെ തിരുവനന്തപുരത്തെ ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതി, അധികാര ദുര്‍വിനിയോഗം ,കണിച്ചുകുളങ്ങര കൂട്ടക്കൊലപാത കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ അലംഭാവം, എന്നിവയായിരുന്നു പ്രധാന പരാതികള്‍. രണ്ടാഴ്ചമുമ്പാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇത് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഈ പരാതികളിലാണ് കഴമ്പില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്.
ഇതേ പരാതി നേരത്തെ ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചതാണ്. അന്ന് വ്യക്തമായി അന്വേഷിച്ചിരുന്നെന്നും സെന്‍കുമാറിനെതിരെ തെളിവുകളില്ലെന്നും കണ്ടെത്തി. അതിനാല്‍ത്തന്നെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍, തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു.
