ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ ടി പി സെൻകുമാര്‍ നൽകിയ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിധിയിൽ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും

ടി പി സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമനം നൽകണമെന്ന് ഏപ്രിൽ 24നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധി നടപ്പാക്കാൻ സര്‍ക്കാര്‍ തലത്തിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോയേോ എതിര്‍കക്ഷിയാക്കി സെൻകുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നൽകിയത്. സുപ്രീംകോടതി നീക്കിയിട്ടും ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായി തുടരുന്ന സാഹചര്യവും സെൻകുമാര്‍ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് വിധിയിൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപേക്ഷയും എത്തുന്നത്.

സെൻകുമാറിനെ ഒരുകാലത്തും പൊലീസ് മേധാവിയായി നിയമിച്ചിട്ടില്ലെന്നും അതുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് നിയമപരമായി ബുദ്ധിമുട്ട് ഉണ്ടെന്നുമാണ് സര്‍ക്കാരിന്‍റെ വാദം. സെൻകുമാറിനെ നിയമിച്ചിരുന്നത് സംസ്ഥാന പൊലീസിന്‍റെ ചുമതലയുള്ള ഡി.ജിപിയായിട്ടാണ്. പൊലീസ് മേധാവി സ്ഥാനവും സംസ്ഥാന പൊലീസിന്‍റെ ചുമതലയുള്ള ഡിജിപിയും രണ്ടും രണ്ടാണ്. അതുകൊണ്ട് വിധിയിൽ വ്യക്തത വരുത്തണമെന്നും ആവശ്യമെങ്കിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എന്തായാലും സര്‍ക്കാരിനെ സംബന്ധിച്ചം സെൻകുമാറിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാകും ഇന്നത്തെ കോടതി നടപടികൾ.