ആഗ്ര: താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നെന്ന ചില വ്യക്തികളുടെയും സംഘടനകളുടെയും വാദം തെറ്റാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും ശവകുടീരമാണ് താജ്മഹലെന്ന് കഴിഞ്ഞ ദിവസം ആഗ്ര കോടതിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്. താജ്മഹലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും ഇതോടെ അറുതിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വയം പ്രഖ്യാപിത ചരിത്രകാരനായ പി.എന്‍ ഓക്ക് എന്നയാള്‍ രചിച്ച 'താജ്മഹല്‍, ദി ട്രൂ സ്റ്റോറി' എന്ന പുസ്തകമാണ് വിവാദങ്ങള്‍ക്ക് മരുന്നിട്ടത്. തുടര്‍ന്ന് ചില ഹിന്ദു സംഘടനകള്‍ വിശേഷ ദിവസങ്ങളില്‍ താജ്മഹലിന് സമീപം പൂജ നടത്താനും തുടങ്ങി. ആഗ്രയിലെ സൗധം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്നുമാണ് ഒരു വിഭാഗം അവകാശപ്പെട്ടത്.
ഈ വാദം ആദ്യം ഉന്നയിച്ച പി.എന്‍ ഓഖ് താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.
