സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഓഫീസ് ദൃശ്യങ്ങള്‍ ആദ്യമായി ലോകത്തിന് മുന്നില്‍ എത്തി

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഓഫീസ് ദൃശ്യങ്ങള്‍ ആദ്യമായി ലോകത്തിന് മുന്നില്‍ എത്തി. അമേരിക്കന്‍ ചാനല്‍ അവതാരക നോറ ഒ ഡോണെല്‍ അവതരിപ്പിക്കുന്ന 60 മിനിട്ട് എന്ന അഭിമുഖ ശേഷമാണ് സൗദി കിരീടാവകാശി തന്‍റെ ഓഫീസും ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയത്.

ലോകമെങ്ങും വന്‍ വാര്‍ത്ത പ്രധാന്യമാണ് സൗദി കിരീടാവകാശിയുടെ അഭിമുഖം ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഓഫീസിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നത്. രാജകീയ വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്‍റെ ഓഫീസ് കാണിച്ചുതരുകയാണ് വീഡിയോയില്‍.രാത്രിയിലും ഇവിടെയാണോ ചെലവഴിക്കുന്നതെന്ന് നോറ അദ്ദേഹത്തിനോട് ചോദിക്കുന്നുണ്ട്.

മികച്ച ഫ്‌ളോറിങ്ങും പെയിന്റിംഗും അലങ്കാരവസ്തുക്കളും പ്രത്യേകതരം ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ മിഴിവുറ്റ കാഴ്ചയാണ് ഓഫീസ് ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് സ്വീകരണമുറിയും ചര്‍ച്ചകള്‍ക്കായുള്ള മുറിയുമുണ്ട്. ഓഫീസ് കാഴ്ച നോറയ്ക്കും വിസ്മയമായി. തന്‍റെയും ഓഫീസിന്‍റെയും മന്ത്രിസഭയുടെയും പ്രവര്‍ത്തനങ്ങള്‍ എംബിഎസ് നോറയ്ക്ക് മുന്‍പാകെ വിശദീകരിച്ചു. 

സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്ന പൊതു നിക്ഷേപക നിധി സംബന്ധിച്ച മന്ത്രിതല ചര്‍ച്ചയിലും നോറയുടെ സാന്നിധ്യമുണ്ടായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സൗദി ശ്രദ്ധേയമായ പരിഷ്‌കാരങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിലായി നടപ്പാക്കി വരുന്നത്.